നസ്ലിൻ, മമിതാ ബൈജു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി 2024ൽ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഗിരീഷ് എ.ഡി ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടൻ തിയറ്ററുകളിലേയ്ക്കില്ല എന്ന് നടനും, സംവിധായകനും ചിത്രത്തിന്റെ സഹനിർമ്മാതാക്കളിലൊരാളുമായ ദിലീഷ് പോത്തൻ. 9 കോടി ബഡ്ജറ്റിൽ നിർമ്മിച്ച പ്രേമലു വേൾഡ് വൈഡ് ആയി 130 കോടിയോളം രൂപ കളക്ഷൻ നേടിയിരുന്നു.
ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽവെച്ച് നിർമ്മാതാക്കളും മറ്റ് അണിയറപ്രവർത്തകരും ചേർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. റൊമാന്റിക്ക് കോമഡി സ്വഭാവത്തിലൊരുങ്ങിയ പ്രേമലു ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ഗാനങ്ങൾക്കും ചിത്രത്തിലെ രംഗങ്ങളുടെ റീലുകൾക്കുമെല്ലാം വലിയ രീതിയിൽ ആരാധകരെ സൃഷ്ട്ടിക്കാനും സാധിച്ചിരുന്നു.
ഇപ്പോൾ ഷഹി കബീറിന്റെ സംവിധാനത്തിൽ ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോന്ത് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിലായിരുന്നു ദിലീഷ് പോത്തൻ പ്രേമലു 2 വിനെ പറ്റി സംസാരിച്ചത്. ഭാവന സ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നായിരുന്നു പ്രേമലു നിർമ്മിച്ചത്.
ഭാവന സ്റ്റുഡിയോസുമായി സഹകരിച്ച് ഗിരീഷ് എ.ഡി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുണ്ട് എന്നും എന്നാൽ അത് പ്രേമലു 2 അല്ല മറ്റൊരു ചിത്രമാണ്, പ്രേമലു 2 എപ്പോൾ ആരംഭിക്കുമെന്നത് വ്യക്തമല്ല എന്നും ദിലീഷ് പോത്തൻ കൂട്ടി ചേർത്തു. പുതുതായി ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും മമിതാ ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.