ബോയിങ് 787 സർവീസുകൾ നിർത്തില്ലെന്ന് അമേരിക്ക. ദൃശ്യങ്ങൾ മാത്രം കണ്ടു അപകടത്തിൽ യഥാർത്ഥ കാരണം കണ്ടെത്താൻ ആകില്ല. അപകട കാരണം ശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്നാണ് അമേരിക്കയുടെ നിലപാട്. ‌അന്വേഷണത്തിനായുള്ള അമേരിക്കൻ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉദ്യോഗസ്ഥർ ആണ് ഇന്ത്യയിലേക്കെത്തുന്നത്.

ബോയിംഗ് 787 ഡ്രീംലൈനർ ഉൾപ്പെട്ട അപകടത്തിന്റെ വീഡിയോ ക്ലിപ്പുകൾ കണ്ടതായും എന്നാൽ വിമാന മോഡൽ തന്നെ സുരക്ഷിതമല്ലെന്നതിന് ഇതുവരെ ഒരു സുരക്ഷാ ഡാറ്റയും കണ്ടെത്തിയിട്ടില്ലെന്നും എഫ്എഎ അഡ്മിനിസ്ട്രേറ്റർ ക്രിസ് റോച്ചെലോയും യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും പറഞ്ഞു.

അഹമ്മദാബാദിൽ ഉണ്ടായ വിനാശകരമായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ എഫ്‌എ‌എ ബോയിംഗ്, എഞ്ചിൻ നിർമ്മാതാക്കളായ ജി‌ഇ എയ്‌റോസ്‌പേസ് എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി സ്ഥിരീകരിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നതിനായി ഇന്ത്യയിലെ ക്രാഷ് സൈറ്റിലേക്ക് കൂടുതൽ വിദഗ്ധരെ അയയ്ക്കാൻ അമേരിക്ക തയ്യാറാണെന്ന് ഷോൺ ഡഫി പറഞ്ഞു.

എയർ ഇന്ത്യ വിമാനാപകടത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. “ഇതൊരു വലിയ രാജ്യമാണ്, ശക്തമായ രാജ്യമാണ്. അവർ അത് കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ അവരെ അറിയിക്കും, ഞങ്ങൾ ഉടൻ തന്നെ അവിടെയെത്തും,” ട്രംപ് പറഞ്ഞു. സാധ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക തയ്യാറാണെന്ന് അദേഹം വ്യക്തമാക്കിയിരുന്നു