ഇടുക്കി ജില്ലയിലെ ടൗണുകളുടെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കരിമ്പന്‍ ചപ്പാത്ത് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കരിമ്പന്‍ ടൗണിന്റെ പുരോഗതിക്ക് പ്രാധാന്യം നല്‍കുന്ന റോഡാണിത്. ജില്ലാ ആസ്ഥാനത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇറിഗേഷന്‍ മ്യൂസിയം, ഇക്കോ ലോഡ്ജ്, സാംസ്‌കാരിക തീയേറ്റര്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നത്തോടെ ചെറുതോണിയും ഇടുക്കിയും ബന്ധിച്ച് ഒരു ടൗണ്‍ഷിപ്പായി മാറും.

 

തടിയമ്പാട് കരിമ്പന്‍ ടൗണുകളും ടൗണ്‍ഷിപ്പായി മാറും. ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നല്‍കിയാണ് മെഡിക്കല്‍ കോളേജില്‍ നേഴ്‌സിങ് കോളേജ് കൂടി ആരംഭിച്ചത്. മെഡിക്കല്‍ കോളേജിനുള്ളിലെ റോഡ് വികസനത്തിനായി മാത്രം 17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ ഘട്ടം ഘട്ടമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലാ ആസ്ഥാനത്തോട് അനുബന്ധിച്ച് എയര്‍ സ്ട്രിപ്പ് ആരംഭിക്കുന്നതിന്റെ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കരിമ്പന്‍ ടൗണും തടിയമ്പാട് ടൗണും സൗന്ദര്യവല്‍ക്കരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

 

കരിമ്പന്‍ ടൗണില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും എല്ലാ രീതിയിലും വികസനം എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു ജോര്‍ജ് പോള്‍ പറഞ്ഞു.

 

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 10 ലക്ഷവും മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും അനുവദിച്ചാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 480 മീറ്റര്‍ നീളമുള്ള റോഡിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് മുഖ്യാതിഥിയായി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിജി ചാക്കോ, അംഗങ്ങളായ നിമ്മി ജയന്‍, വിന്‍സന്റ് വി.എം, വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്ക് അംഗങ്ങളായ ഓമന ശ്രീധരന്‍, ജേക്കബ് പിണക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.