മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള സ്വച്ച് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേ ജൂണ്‍ 23 ന് ആരംഭിക്കും. സ്വച്ച് ഭാരത് മിഷന്‍ ഗ്രാമീണിന്റെ ഭാഗമായി രാജ്യത്ത് തെരഞ്ഞെടുത്ത 21,000 വില്ലേജുകളിലാണ് സര്‍വേ. കേരളത്തില്‍ 450 വില്ലേജുകളിലാണ് പരിശോധന. ഓരോ ജില്ലയിലും കുറഞ്ഞത് 20 വില്ലേജുകളില്‍ പരിശോധന നടക്കും. ജനസംഖ്യക്ക് ആനുപാതികമായി വില്ലേജുകളുടെ എണ്ണം കൂടും. വീടുകള്‍, തദ്ദേശ ഭരണ സ്ഥാപന ഓഫീസുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ശുചിത്വ നിലവാരവും സര്‍വേയുടെ ഭാഗമായി പരിശോധിക്കും.

ഓരോ പഞ്ചായത്തിലെയും നിശ്ചിത എണ്ണം വീടുകളില്‍ സംഘം നേരിട്ടെത്തി പരിശോധന നടത്തും. വീടുകളിലെ ശുചിമുറി സൗകര്യം, കൈകഴുകാനുള്ള സൗകര്യം, കുടിവെള്ള സൗകര്യം, ഗാര്‍ഹിക മാലിന്യ സംസ്‌കരണ ഉപാധികള്‍, മലിനജല സംസ്‌കരണ സോക്കേജ് പിറ്റ് തുടങ്ങിയവ പരിശോധിക്കും. ജനഹിതം നേരിട്ടറിയാന്‍ സിറ്റിസണ്‍ ഫീഡ്ബാക്ക് മൊബൈല്‍ ആപ്ലിക്കേഷനാണ് സ്വച്ച് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025 ഉപയോഗപ്പെടുത്തുന്നത്.