അടുത്ത ഏകദിന ലോകകപ്പ് കളിക്കുക ഇന്ത്യൻ സൂപ്പർതാരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോഹ്‍ലിക്കും എളുപ്പമല്ലെന്ന് ഇന്ത്യൻ മുൻ താരം സൗരവ് ​ഗാം​ഗുലി. ക്രിക്കറ്റിൽ അവരിൽ നിന്ന് അകലുമെന്ന് എല്ലാവരും മനസിലാക്കണം. എങ്കിലും ക്രിക്കറ്റിൽ തുടരുന്ന കാര്യത്തിൽ ഇരുതാരങ്ങളും തീരുമാനം എടുക്കട്ടെയെന്നും ​ഗാം​ഗുലി പറഞ്ഞു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ​ബിസിസിഐ മുൻ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ ​ഗാം​ഗുലിയുടെ വാക്കുകൾ.

2027ലെ ഏകദിന ലോകകപ്പ് കളിക്കുക രോഹിത് ശർമയ്ക്കും വിരാട് കോഹ്‍ലിക്കും എളുപ്പമായിരിക്കില്ല. ഒരു വർഷത്തിൽ 15 ഏകദിന മത്സരങ്ങൾ കളിക്കണം. അവർക്ക് നൽകാനായി എനിക്ക് നിർദ്ദേശങ്ങളില്ല. അവർക്ക് എന്നെപ്പോലെ തന്നെ ക്രിക്കറ്റിനെക്കുറിച്ച് നന്നായി അറിയാം. അവർ ഒരു തീരുമാനമെടുക്കട്ടെ. പക്ഷേ, നമ്മളെല്ലാവരും ഒരു കാര്യം മനസ്സിലാക്കണം. എല്ലാ താരങ്ങൾക്കുമെന്ന പോലെ ക്രിക്കറ്റ് അവരിൽ നിന്ന് അകന്നുപോകും. അതുപോലെ ക്രിക്കറ്റിൽ നിന്ന് അവരും അകന്നുപോകും,’ ഗാം​ഗുലി വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരങ്ങളായ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ടെസ്റ്റ്, ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചുകഴിഞ്ഞു. ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ഇരുവരും തുടരുന്നത്. 2027 ഏകദിന ലോകകപ്പ് ഇരുവരും ഇന്ത്യയ്ക്കായി സ്വന്തമാക്കിയ ശേഷം രോഹിത്-കോഹ്‍ലി യുഗത്തിന് അവസാനമാകുവെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.