കഴിഞ്ഞ ഒരുമാസത്തെ മാത്രം കണക്കുകള്‍ അനുസരിച്ച് ആറു കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം കെ.എസ്.ഇ.ബി ക്ക് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ സര്‍ക്കിള്‍, തൊടുപുഴ) ഇന്ദിര.കെ അറിയിച്ചു. പ്രതികൂല കാലാവസ്ഥയിലും മികച്ച പ്രവര്‍ത്തനം നടത്തിയതുകൊണ്ടുമാത്രമാണ് പരാതികളുടെ എണ്ണം വലിയ അളവില്‍ കുറയ്ക്കാനായത്. വൈദ്യുത ലൈനുകളില്‍ മരം വീണ് വൈദ്യുതി മുടക്കമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഇവ നീക്കം ചെയ്ത് വൈദ്യുതി പുന:സ്ഥാപിക്കാന്‍ അധികമായി ജീവനക്കാരെ വിന്യസിച്ചിരുന്നു. ഉല്‍പ്പാദന വിതരണ വിഭാഗങ്ങളില്‍ നിന്നുമാണ് ജില്ലയിലാകെ ജീവനക്കാരെ നിയോഗിച്ചത്. ഇതിന് പുറമെ കരാര്‍ തൊഴിലാളികളെയും ഉപയോഗപ്പെടുത്തി. ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളും നാട്ടുകാരും പ്രതിബന്ധങ്ങള്‍ നീക്കി വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ സഹകരിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. വൈദ്യുതി പുന:സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയുടെ ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ പ്രതികൂലമാകാറുണ്ടെങ്കിലും വൈദ്യുതി മുടക്കം നീളുന്ന സ്ഥിതിവിശേഷം നിലവില്‍ ഇല്ല.
മഴയിലും കാറ്റിലും 5.94 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. ജില്ലയിലെ 1698 വൈദ്യുതി പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 1370 എണ്ണം ലോ ടെന്‍ഷന്‍ പോസ്റ്റുകളും 328 എണ്ണം ഹൈ ടെന്‍ഷന്‍ പോസ്റ്റുകളുമാണ്. മെയ് 23 മുതല്‍ ജൂണ്‍ 20 വരെയുള്ള വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരമാണിത്. 3175 ട്രാന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചു. ഒരു ട്രാന്‍സ്‌ഫോര്‍മര്‍ വെള്ളം കയറി നശിച്ചു. 641028 വൈദ്യുതി കണക്ഷനുകളിലെ വിതരണത്തെയും മഴയും കാറ്റും ബാധിച്ചു.
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബോര്‍ഡിനെ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കു വിളിക്കാം. 9496001912 എന്ന നമ്പരില്‍ വിളിച്ചോ വാട്സാപ്പ് സന്ദേശമയച്ചോ പരാതി രേഖപ്പെടുത്താം.
വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ് കിടക്കുന്നതോ മറ്റ് വൈദ്യുതി സംബന്ധമായ അപകടങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ 9496010101 എന്ന നമ്പരില്‍ അറിയിക്കാം.
വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകള്‍ എസ്.എം.എസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് wss.kseb.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സ്വന്തം മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.