അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് ഗുജറാത്ത് സർക്കാർ. 275 പേർ മരിച്ചെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. 256 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. മരിച്ചവരിൽ 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരും 34 പേർ പ്രദേശവാസികളുമായിരുന്നുവെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
അതേസമയം അപകടത്തിന്റെ കാരണം അവ്യക്തമായി തുടരുകയാണ്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോയുടെ അന്വേഷണം നടക്കുന്നുണ്ട്. ഈ മാസം 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 വിമാനം തകർന്നുവീണത്. സമീപത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം വിമാനത്തിൽ ഉണ്ടായിരുന്നു.
അതേസമയം വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തുന്ന സുരക്ഷ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നപ. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ ആണ് വീഴ്ച കണ്ടെത്തിയത്. ജീവനക്കാരുടെ വിന്യാസത്തിലും മേൽനോട്ടത്തിലും വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറ്റാൻ നിർദേശം നൽകി. അച്ചടക്ക നടപടിയുടെ വിവരം പത്തു ദിവസത്തിനകം അറിയിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.