കോട്ടയം: ചങ്ങനാശേരിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശി മനുവാണ് അറസ്റ്റിലായത്. മുളന്തുരുത്തിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശേരിയിലെ പലചരക്ക് കടയിൽ നിന്നും സപ്ലൈകോ ഉദ്യോഗസ്ഥൻ ചമഞ്ഞ് രണ്ടരലക്ഷം രൂപയുടെ സാധനങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്. തട്ടിപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. സർക്കാർ ജോലിയിൽ വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ഔദ്യോ​ഗിക വാഹനത്തിന്റെ സ്റ്റിക്ക‍ർ പതിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്താൻ വിവിധ സ്ഥാപനങ്ങളിലായി എത്തുന്നത്.

 

കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം ഇയാൾ നൽകുന്നത് വ്യാജ ചെക്കായിരിക്കും. സ‍ർക്കാർ ഉദ്യോ​ഗസ്ഥൻ ആയത്കൊണ്ട് തന്നെ ഇയാൾ നൽകുന്ന ചെക്കിൽ ജീവനക്കാർക്ക് മറ്റ് സംശയങ്ങൾ ഉണ്ടാകാറില്ലായിരുന്നു. എന്നാൽ ഇത് മാറാൻ ചെല്ലുമ്പോഴാണ് ഇത് വ്യാജ ചെക്കാണെന്ന് ജീ‌വനക്കാ‍ർക്ക് മനസിലാകുന്നത്.

 

ചങ്ങനാശേരിയിലെ തട്ടിപ്പിന് ശേഷം ഇയാൾ നേരെ പോയത് എറണാകുളത്തെ മുളന്തുരുത്തിയിലേക്കാണ്. അവിടെ ഇൻകം ടാക്സ് ഓഫീസർ ചമഞ്ഞായിരുന്നു തട്ടിപ്പ്. ഇവിടെ തട്ടിപ്പ് നടത്തുന്നതിനിടെയായിരുന്നു ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്.

അതേസമയം പിടിയിലായ മനുവിനെതിരെ മുൻപും സമാനമായ കേസുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. 2022ൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലും, കറുകച്ചാലിലെ മൊബൈൽ ഷോപ്പിൽ നിന്നും 90000 രൂപയുടെ മൊബൈൽ ഫോണുകൾ തട്ടിയ കേസിലും പ്രതിയാണ് ഇയാൾ. ഡോക്ടറിൽ നിന്ന് ഇയാൾ തട്ടിയത് 50000 രൂപയായിരുന്നു.

മനുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്.