തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. ബാഗുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അനീഷ, ഭവി എന്നീ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് റൂറൽ എസ് പി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിങ്ങനെ. ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. അമ്മയാണ് ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ടത്. രണ്ടാമത്തെ കുഞ്ഞിന്‍റെ മരണം സ്വാഭാവികമല്ല, കൊലപാതകമാണെന്നും പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം അമ്മയായ അനീഷ ഭവിയെ ഏൽപിക്കുകയും അയാൾ കുഴിച്ചിടുകയും ചെയ്തു. കൊലപാതകത്തെ കുറിച്ച് പ്രതി ഭവിക്ക് അറിയാമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

2020 മുതൽ ഫേസ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നതും ബന്ധത്തിലാകുന്നതും. അനീഷ ലാബ് ടെക്നീഷ്യയാണ്. ട്രസ് വര്‍ക്ക് ജോലി ചെയ്യുന്നയാളാണ് ഭവി. വീട്ടുകാരറിയാതെയാണ് അനീഷ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തിൽ കുരുങ്ങി, വയറ്റിനുള്ളിൽ വെച്ച് തന്നെ മരിച്ചെന്നാണ് പെണ്‍കുട്ടി നൽകുന്ന മൊഴി. കുഞ്ഞിനെ വീടിനടുത്ത് തന്നെ കുഴിച്ചുമൂടി. കുഞ്ഞിന്‍റെ ശാപമുണ്ടാകാതിരിക്കാൻ മരണാനന്തര ക്രിയ നടത്താൻ വേണ്ടിയാണ് അസ്ഥികള്‍ സൂക്ഷിച്ചുവെച്ചിരുന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്.

തുടര്‍ന്ന് ഇവര്‍ രണ്ടാമതും ഗര്‍ഭം ധരിക്കുന്നു. വീട്ടുകാരറിയാതെ പ്രസവിച്ചു. പിന്നീട് കുഞ്ഞ് കരഞ്ഞപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഭവിക്ക് മൃതദേഹം കൈമാറുകയും ഇയാള്‍ കുഴിച്ചിടുകയും ചെയ്യുന്നു. അതിന് ശേഷം ഇവരുടെ അടുപ്പത്തിൽ പ്രശ്നങ്ങളുണ്ടായി. അനീഷ മറ്റൊരു വിവാഹം കഴിക്കുമോ എന്ന സംശയത്തിനൊടുവിൽ ഇവര്‍ തമ്മിൽ വഴക്കുണ്ടായി. കൂടാതെ യുവതിക്ക് മറ്റൊരു ഫോണ്‍ ഉള്ളതായി ഭവി കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഭവി അസ്ഥികളുമായി ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തുന്നതും പൊലീസിനെ കാര്യങ്ങള്‍ അറിയിക്കുന്നതും.

ഭവി കൊണ്ടുവന്ന അസ്ഥികള്‍ രണ്ട് കുഞ്ഞുങ്ങളുടേത് തന്നെയെന്ന് ഫോറൻസിക് ഡോക്ടർ പ്രാഥമികമായി സ്ഥിരീകരിച്ചുവെന്ന് റൂറല്‍ എസ് കൃഷ്ണകുമാര്‍ വ്യക്തമാക്കി. സംഭവത്തിൽ ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് ഇതുവരെ ലഭിച്ച വിവരമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ചാലക്കുടി ഡിവൈഎസ്പി ബിജുകുമാർ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.