ഇത്തവണ ജൂണിൽ സംസ്ഥാനത്തു നാല് ശതമാനം മഴക്കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ജൂണിൽ ശരാശരി 648.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 620.4 മിമീ മഴ. 2018 ന് ശേഷം ജൂണിൽ ലഭിക്കുന്ന ഏറ്റവും മികച്ച മഴയാണ് ഈ വർഷത്തേത്. എന്നാൽ കാലവർഷം ആരംഭിച്ച മെയ് 24 മുതൽ ഇതുവരെ യുള്ള കണക്ക് പ്രകാരം 70% അധിക മഴ ലഭിച്ചു. അതേസമയം, രാജ്യത്ത് തന്നെ ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സംസ്ഥാനങ്ങളില്‍ നാലാമതാണ് കേരളത്തിന്‍റെ സ്ഥാനം.
ജൂൺ മാസങ്ങളിൽ 2024ൽ 25 ശതമാനവും 2023 ൽ 60 ശതമാനവുമായിരുന്നു മഴക്കുറവ് ആയിരുന്നു. 1976ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായിയിരുന്നു 2023. ജൂണിൽ 11 ദിവസം മാത്രമാണ് ഇത്തവണ കൂടുതൽ മഴ ലഭിച്ചത്. എന്നാൽ മെയ് 24 മുതൽ ഇതുവരെ 20 ദിവസം കൂടുതൽ മഴ ലഭിച്ചു. മെയ് 24 പ്രകാരമുള്ള കണക്ക് പ്രകാരം എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയെക്കാൾ കൂടുതൽ മഴയാണ് ലഭിച്ചത്. ജൂൺ 1 മുതലുള്ള കണക്ക് പ്രകാരം പത്തനംതിട്ട, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ജൂണിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഏറ്റവും കുറവ് ലഭിച്ചത്. ഇത്തവണ 8 ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തിയത്. മെയ് 23 മുതൽ 30 വരെയും ജൂൺ 10 മുതൽ 18 വരെയും ജൂൺ 25 മുതൽ 27 വരെയും കാലവർഷം ശക്തമായി പെയ്തു. മുല്ലപെരിയാർ ഡാം 136 അടിയിൽ കൂടുതൽ ആയതിനാൽ തുറക്കുകയും ചെയ്തു. ഇടുക്കി ഡാം 58 ശതമാനം നിറഞ്ഞു.