മോഡലിങ് റാംപിൽ സ്വപ്നതുല്യ ചുവടുവെയ്ക്കുകയാണ് ആദിവാസി വിഭാഗത്തിൽ നിന്നൊരു പെൺകുട്ടി. പ്രമുഖ ഫിലിം കമ്പനി ഒരുക്കുന്ന മിസ് കേരള മത്സര വിഭാഗത്തിൽ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇടുക്കി കാന്തല്ലൂർ കുളച്ചിവയൽ ആദിവാസികൂടിയിലെ സുധാ ലക്ഷ്മി. പിന്നാക്കം നിൽക്കുന്ന സ്വന്തം സമുദായത്തിന്റെ ഉന്നമനം കൂടിയാണ് സുധാ ലക്ഷ്മിയുടെ സ്വപ്നം .
സാമുദായിക ചട്ടക്കൂടുകൾ പൊളിച്ചെറിഞ്ഞ് വർണ ലോകത്തിന്റെ റാംപിലേക്ക് സുധാ ലക്ഷ്മി ചുവടുവെച്ചത് വലിയ എതിർപ്പുകൾക്ക് നടുവിൽ നിന്നാണ് . മറ്റുവിഭാഗം ആളുകളെ കണ്ടാൽ കാഴ്ചയിൽനിന്നും ഇന്നും ഓടിമറയുന്ന ആദിവാസി വിഭാഗമായ മുതുവാൻ സമുദായത്തിലെ ഒരംഗം . സംസ്ഥാന അതിർത്തി ഗ്രാമങ്ങളിൽ ഒന്നായ ഇടുക്കി കാന്തല്ലൂർ പഞ്ചായത്തിലെ കുളച്ചിവയൽ ആദിവാസികൂടിയിൽ നിന്ന് ആദ്യമായി പ്ലസ് ടൂ വിദ്യാഭ്യാസം നേടിയ പെൺകുട്ടി. പ്രമുഖ ഫിലിം കമ്പനിയായ അറോറ കൊച്ചിയിൽ ഒരുക്കുന്ന മിസ് കേരള ഫോറസ്റ്റ് ഗോഡ്സ് ഫാഷൻ ആൻഡ് ഫിറ്റ്നസ് മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയിരിക്കുകയാണ് സുധാലക്ഷ്മി.
അഴകിന്റെ പുതുലോകത്തിൽ കാണാത്ത ദൂരങ്ങളുടെ ആ സ്വപ്ന ചിറകിലാണ് ഇന്ന് സുധ. 29 വയസായിട്ടും വിവാഹം കഴിക്കാത്തതിന്റെ പേരിൽ സമുദായത്തിൽ നിന്ന് ഏറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് സുധലക്ഷ്മിക്ക്. പോയകാലം ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോയ സുധയ്ക്ക് ചട്ടക്കൂടിൽ നിന്നുള്ള മോചനം കൂടിയാണ് ഫാഷൻ ലോകത്തേക്കുള്ള വരവ് . വലിയ എതിർപ്പുകൾക്ക് നടുവിലും പ്ലസ് ടുവിന് ശേഷമുള്ള നഴ്സിംഗ് പഠനത്തിനുമൊക്കെ സുധയ്ക്ക് തണലായും താങ്ങായും നിന്നത് സ്വന്തം കുടുംബം തന്നെ . ഫാഷൻ രംഗത്തേക്ക് എത്തിയതോടെ മനസ്സും ശരീരവും അതിനായി പാകപ്പെടുത്തുകയാണ് . എതിർപ്പ് ഉന്നയിക്കുന്ന സ്വന്തം സമുദായത്തിന്റെ ഉന്നമനവും സുധയുടെ സ്വപ്നമാണ് . കൂലിപ്പണി ചെയ്തിരുന്ന കുളച്ചിവയൽ കുടിയിലെ സുന്ദര ഭൂമിയിൽ നിന്ന് ഇന്ന് സുധലക്ഷ്മി ഫാഷൻ തരംഗം തീർക്കുമ്പോൾ ഒളിഞ്ഞിരുന്നു കാണുന്ന ഇളം തലമുറയ്ക്കെങ്കിലും സ്വപ്ന ചിറകേറാൻ കഴിയട്ടെ എന്ന് സുധ ലക്ഷ്മി പറയുന്നു.