യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കും. യെമനിലെ ജയിലില്‍ വെച്ചാകും വധശിക്ഷ നടപ്പാക്കുക. ഇത് സംബന്ധിച്ച നോട്ടീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

ദയാധനം നല്‍കുന്നയ് സംബന്ധിച്ച് മരിച്ച യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. ഇപ്പോള്‍ യെമനിലേക്ക് പുറപ്പെടുകയാണെന്നും തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവ് സംബനധിച്ച് തങ്ങള്‍ക്ക് യാതൊരു വിശദാംശങ്ങളും അറിവായിട്ടില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. എന്നാല്‍ വധശിക്ഷ സംബന്ധിച്ച ഉത്തരവ് ഇന്ത്യന്‍ എംബസ്സി സ്ഥിരീകരിച്ചിട്ടുണ്ട്.