ഇടുക്കി: ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. മൂന്ന് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അടിമാലി, വെളളത്തൂവല്‍, പളളിവാസല്‍ പഞ്ചായത്തുകളില്‍ യുഡിഎഫും അടിമാലി പഞ്ചായത്തില്‍ എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വനമേഖലയിലെ നിര്‍മ്മാണം ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇത് നേര്യമംഗലം മുതല്‍ വാളറ വരെയുളള ദേശീയ പാതയുടെ നിര്‍മാണത്തെ ബാധിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിക്കുന്നു. വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെയുളളവര്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇടുക്കിയിലെ ഹർത്താൽ ആദ്യമണിക്കൂറിൽ ഭാഗിഗമാണ്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. മറ്റ് വാഹനങ്ങളും ഓടുന്നുണ്ട്.

നേര്യമംഗലം മുതല്‍ വാളറ വരെ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. റിസര്‍വ് ഫോറസ്റ്റില്‍ നിന്ന് മരംമുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി. ദേശീയ പണിമുടക്ക് ദിവസം മാത്രം 250-ലേറെ മരങ്ങള്‍ അനുമതിയില്ലാതെ അതോറിറ്റി മുറിച്ചെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു. മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.

അതേസമയം, ദേശീയപാത 85-ലെ നേരൃമംഗലം മുതല്‍ വാളറ വരെയുളള വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നത് സര്‍ക്കാരിനാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമാണ് ഇത്തരമൊരു വിധിയുണ്ടാകാനുളള കാരണമെന്ന് എംപി കുറ്റപ്പെടുത്തി.