സർക്കാർ ഭൂമി കയ്യേറി നിർമിച്ച കോൺക്രീറ്റ് കെട്ടിടം പ്രതിഷേധങ്ങൾക്കിടെ പൊലീസ് സംരക്ഷണയിൽ റവന്യു അധികൃതർ പൊളിച്ചുനീക്കി. മുൻപ് മൂന്നു തവണ പൊളിച്ചുനീക്കിയ സ്ഥലത്ത് നാലാമതും നിർമിച്ച കെട്ടിടമാണ് പൊളിച്ചുനീക്കിയത്. എംജി നഗറിൽ ഹോമിയോ ആശുപത്രിക്ക് സമീപം സർവേ നമ്പർ 912–ൽപെട്ട ഭൂമിയിൽ എം.ബാലു (ബാലകൃഷ്ണൻ) എന്നയാൾ നിർമിച്ച കെട്ടിടമാണ് പൊളിച്ചത്. പണിമുടക്ക് ദിവസമായ ബുധനാഴ്ചയാണ് ഇയാൾ കെട്ടിടം നിർമിച്ചത്. ഇതിനു ശേഷം ഉദ്യോഗസ്ഥരെത്തിയാൽ തടയുന്നതിനായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇവിടെ തമ്പടിച്ചിരുന്നു.
സബ് കലക്ടറുടെ നിർദേശപ്രകാരം കഴിഞ്ഞദിവസം സ്പെഷൽ തഹസിൽദാർ സി.വി.ഗായത്രി, റവന്യു ഇൻസ്പെക്ടർമാരായ മൻജു, ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും കെട്ടിടം പൊളിക്കുന്നത് ആളുകൾ തടഞ്ഞു. പിന്നീട് എസ്എച്ച്ഒ ബിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്ത ശേഷമാണ് കെട്ടിടം പൊളിച്ചുമാറ്റിയത്. കഴിഞ്ഞ നവംബർ 21, ഡിസംബർ 6, ജനുവരി 6 തീയതികളിൽ ഇതെ സ്ഥലത്ത് നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിയിരുന്നു.