ഇടുക്കി :കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡ്‌റി സ്‌കൂള്‍ സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്പതതി ആഘോഷങ്ങള്‍ എം എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതിയുണ്ടായെന്നും വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹം വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ചു. ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് കല്ലാർ സർക്കാർ സ്കൂൾ. ജില്ലയിൽ ഹയർ സെക്കൻഡറി ആദ്യമായി അനുവദിച്ച സ്കൂളുകളിൽ ഒന്നാണ് കല്ലാർ സ്കൂൾ. സ്കൂളിൻ്റെ വളർച്ചയിൽ നിരവധി മഹത് വ്യകതികളുടെ സംഭാവനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 70 ൻ്റെ നിറവിലും സ്കൂളിന് യുവത്വത്തിൻ്റെ ഊർജസ്വലതയാണെന്നും എം എം മണി എം എൽ എ കൂട്ടിച്ചേർത്തു. പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് മനുഷ്യച്ചങ്ങല തീര്‍ത്തു. ലഹരിക്കെതിരെ മനുഷ്യ ചങ്ങല പരിപാടിയുടെ ഉദ്ഘാടനം പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ് ഉദ്ഘാടനം ചെയ്തു.

 

1956 ജൂലൈ 17ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച വിദ്യാലയം ഇന്ന് പൊതുവിദ്യാഭ്യാസ മേഖലയില്‍ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂളുകളിലൊന്നാണ്.സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷത്തെ വിവിധ പരിപാടികളാണ് നടപ്പാക്കുന്നത്. പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഗമം, ലഹരിവിരുദ്ധ കാമ്പയിന്‍, കലാകായിക മത്സരങ്ങള്‍, പഠനയാത്രകള്‍, പട്ടംകോളനി ചരിത്ര ഗവേഷണം, സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കല്‍, ടാലന്റ് ഹണ്ട്, അഗ്രി ഫെസ്റ്റ്, സ്‌നേഹവീട് നിര്‍മാണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

മുണ്ടിയെരുമ കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽപി.ടി.എ പ്രസിഡന്റ് രമേശ് കൃഷ്ണന്‍ അധ്യക്ഷനായി. സപ്തതി പദ്ധതി പ്രകാശനം പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് തെക്കേക്കുറ്റ് നിർവഹിച്ചു. എസ്എംസി ചെയർപേഴ്സൺ വിജയൻ പിള്ള പദ്ധതി അവതരിപ്പിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് മോഹൻ പദ്ധതി ലോഗോ പ്രകാശനം ചെയ്തു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സരിത രാജേഷ്, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.വി ആനന്ദ്, സ്കൂൾ പ്രിന്‍സിപ്പല്‍ കെ വി ഹെലോക്ക്, ഹൈസ്കൂൾ പ്രഥമാധ്യാപകന്‍ ജോണ്‍ മാത്യു, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി തോമസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജോമോൻ താന്നിക്കൽ, എസ് എം സി വൈസ്ചെയർമാൻ സിറാജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.സി വിനയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.