മറയൂർ: 2009-ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ കാന്തല്ലൂർ മലനിരകളിൽ 1000 ഏക്കർ ഭൂമി പിടിച്ചെടുത്ത് സർക്കാരിലേക്ക് മുതൽകൂട്ടി. കീഴാന്തൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 50-ൽ സർവേ നമ്പർ 4/1ൽപെട്ട സ്ഥലമാണ് വി.എസ്. നേരിട്ട് കാന്തല്ലൂരിലെത്തി ഏറ്റെടുത്ത് ഉത്തരവായത്.
പലരുടെ കൈവശാനുഭവത്തിലുമായിരുന്നു ഈ സ്ഥലം. പിന്നീട് ചെങ്ങറ സമരക്കാർക്ക് ഈ സ്ഥലത്ത് 25 സെന്റും 50 സെന്റും വീതം നൽകി പുനരധിവസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു കുടുംബം ഒഴികെ മറ്റുള്ളവരെല്ലാം സ്ഥലം വാസയോഗ്യമല്ല എന്നുപറഞ്ഞ് തിരികെപ്പോയി. സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് ഈ സ്ഥലം കൈവശംവെച്ച് നിരവധി പേർ ഗ്രാന്റീസ് മരങ്ങൾ നട്ടുവളർത്തിയിരുന്നു. ഭൂമി സർക്കാരിലേക്ക് ഏറ്റെടുത്തെങ്കിലും ഇന്നും ഗ്രാന്റീസ് മരങ്ങൾ ഇവിടെനിന്ന് അനധികൃതമായി വെട്ടുന്നു.
ഈ ഭൂമിയിൽ ഭൂരിഭാഗവും ഇന്നും പലരുടെയും കൈവശമാണ്. വനംവകുപ്പ് ഇത് തങ്ങളുടെ സ്ഥലമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
വട്ടവടയിൽ കഞ്ചാവ് കൃഷി വ്യാപകമാണെന്ന വാദത്തിൽ വിഎസും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തമ്മിലുള്ള തർക്കത്തിനൊടുവിൽ ഉമ്മൻചാണ്ടി ചിന്നാർ അതിർത്തി വഴി തമിഴ്നാട് അതിർത്തിയിലെ ഗ്രാമമായ മഞ്ഞപ്പെട്ടിയിലെത്തി കടവരി മലനിരകൾ വീക്ഷിച്ചതും ചരിത്രമാണ്