അധ്യാപികയായ ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ട ഭര്‍ത്താവ് ഗാര്‍ഹിക പീഡനത്തിന് അറസ്റ്റില്‍. ആലുവ നീറിക്കോട് സ്വദേശി വൈശാഖാണ് അറസ്റ്റിലായത്. യുവതി ഭര്‍ത്താവിന്‍റെ അതിക്രമം വ്യക്തമാക്കിക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുകയും, അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വൈശാഖിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ച് വർഷമായി, തൻ്റെ രണ്ട് വയസ്സുള്ള കുഞ്ഞിനൊപ്പം ഭർത്താവിന്റെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിച്ച് വരികയാണെന്നായിരുന്നു ഡോ. ശ്രീലക്ഷ്മി രാജേഷിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

തന്‍റെ ഭര്‍ത്താവ് ഒരു മദ്യപാനിയും ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നയാളുമാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഡോ. ശ്രീലക്ഷ്മി രാജേഷ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന് സ്നേഹവും പിന്തുണയും കൗൺസിലിംഗും നല്‍കിയിട്ടും അതിക്രമവും ഭീഷണിയും തുടരുകയാണെന്നും ദീര്‍ഘമായ കുറിപ്പിലൂടെ അവര്‍ വ്യക്തമാക്കുന്നു.

അതുല്യയെയോ വിപഞ്ജികയെയോ പോലെ മറ്റൊരാളാകാന്‍ വയ്യാത്തതുകൊണ്ടാണ് ഞാൻ ഇന്ന് ഇക്കാര്യം സംസാരിക്കുന്നത്. എന്റെയും കുഞ്ഞിന്‍റെയും സുരക്ഷയെക്കുറിച്ചുള്ള ഭയത്തിലാണ് ജീവിക്കുന്നത്. അയാള്‍ എന്നെയും കുഞ്ഞിനെയും ഉപദ്രവിക്കാനോ കൂടുതൽ കുഴപ്പങ്ങളിലേക്ക് വലിച്ചിഴയ്ക്കാനോ ശ്രമിച്ചേക്കും. എനിക്ക് ഇനി നിശബ്ദത പാലിക്കാൻ കഴിയില്ല. എന്‍റെ ജീവിതം നിശബ്ദതയിൽ അവസാനിക്കാനോ മറ്റൊരു ദുരന്ത തലക്കെട്ടായി മാറാനോ താല്‍പ്പര്യമില്ല. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനും ഞാൻ ഇതിനകം പരാതി നൽകിയിട്ടുണ്ട്.

എന്നെയും എന്റെ കുട്ടിയെയും സംരക്ഷിക്കാനും നീതി തേടാനും എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യും. ഈ ദുരവസ്ഥ മറികടക്കാൻ എനിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. ബന്ധപ്പെട്ട അധികാരികളിൽ ആരെങ്കിലും ഈ പോസ്റ്റ് ശ്രദ്ധിച്ചാല്‍, ഞങ്ങളുടെ സുരക്ഷയും നീതിയും ഉറപ്പാക്കാൻ നിങ്ങളുടെ അടിയന്തര സഹായം ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു’. ഒരു സ്ത്രീയും, അമ്മയും, കുട്ടിയും ഭയത്തിൽ ജീവിക്കേണ്ടി വരരുതെന്നും, ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഞങ്ങളെ ഉൾപ്പെടുത്തണമെന്നും പറഞ്ഞുകൊണ്ടാണ് ഡോ. ശ്രീലക്ഷ്മി രാജേഷിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.