ഇടുക്കി: വട്ടവടയില്‍ വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ ചുമന്നത് ആറ് കിലോമീറ്റര്‍. വത്സപ്പെട്ടി ഉന്നതിയിലെ ആര്‍ ഗാന്ധിയമ്മാളിനെ ആണ് ചുമന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. പാറയില്‍ നിന്നും തെന്നിവീണാണ് ഗാന്ധിയമ്മാളിന് ഗുരുതരമായി പരിക്കേറ്റത്. പുതപ്പില്‍ കെട്ടി 50 പേര്‍ ചേര്‍ന്ന് വയോധികയെ ചുമക്കുകയായിരുന്നു. 2019 ലെ പ്രളയത്തില്‍ തകര്‍ന്നതാണ് പ്രദേശത്തെ റോഡ്. ഇതുവരെയും നവീകരിച്ചിട്ടില്ല.

 

അതേസമയം ആദിവാസി ഉന്നതിയിലേക്ക് റോഡ് നിർമ്മിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും റോഡിൻ്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ദേവികുളം എംഎൽഎ എ രാജ പ്രതികരിച്ചു. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും കൂട്ടായി ശ്രമിക്കണം. ദേവികുളം മണ്ഡലത്തിൽ മാത്രം 146 ആദിവാസി ഉന്നതികൾ ഉണ്ട്. ഘട്ടം ഘട്ടമായി ഓരോ ഉന്നതികളിലേയും വികസന പ്രവർത്തികൾ നടന്നുവരികയാണെന്നും എംഎൽഎ പറഞ്ഞു.