ഉടുമ്പൻചോല ചെമ്മണ്ണാറിൽ ജ്യേഷ്ഠനെയും ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അനുജനെ പിടികൂടാനെത്തിയ പോലീസ് വീട്ടിൽനിന്നു ലൈസൻസില്ലാത്ത നാടൻതോക്ക് കണ്ടെടുത്തു. ചെമ്മണ്ണാർ വട്ടപ്പാറ വലിയപറമ്പിൽ ബിനോയിയുടെ (56) വീട്ടിൽനിന്നാണ് നാടൻതോക്ക് പിടികൂടിയത്. ഇതെങ്ങനെ ഇയാളുടെ പക്കലെത്തി എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനായി റിമാൻഡിൽ കഴിയുന്ന ബിനോയിയെ അടുത്തദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങും. അതിനായി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ഉടുമ്പൻചോല പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ബിനോയിയെ പോലീസ് വീട്ടിലെത്തി അറസ്റ്റുചെയ്തത്.
ചെമ്മണ്ണാറിൽ താമസിക്കുന്ന ജ്യേഷ്ഠൻ വലിയപറമ്പിൽ സണ്ണി (58), ഭാര്യ സിനി(48) എന്നിവരെ സ്വത്തുതർക്കത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ബിനോയി വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സണ്ണിയും ഭാര്യ സിനിയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.