
ജനങ്ങളോട് മാന്യമായി പെരുമാറുകയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനസൗഹൃദ പോലീസിംഗ് നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇടുക്കിയുടെ പുതിയ ജില്ലാ പൊലീസ് മേധാവി കെ. എം സാബു മാത്യു . ജില്ലാ ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനാണ് പ്രഥമ മുന്‍ഗണന. ലഹരി പൂര്‍ണ്ണമായി തുടച്ചു നീക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. അതിനാല്‍ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. കാലതാമസമില്ലാതെ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ഇത്തരം കേസുകളില്‍ എത്രയും വേഗം നീതി ലഭ്യമാക്കും.
അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. സേവനം സുതാര്യമായി ലഭ്യമാകുന്ന സംസ്‌കാരം സേനയില്‍ രൂപപ്പെടുത്തിയെടുക്കും. ആധുനികവത്ക്കരണവും സാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
കേസുകള്‍ തീര്‍പ്പാക്കുന്നത് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന പരാതികള്‍ എത്രയും വേഗം പരിഹരിച്ച് ജനങ്ങള്‍ക്ക് നീതി നല്‍കുന്നതിനാകും ശ്രമം . സ്‌കൂള്‍ പോലീസ് കേഡറ്റ് (എസ്പിസി), സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി), കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (സിപിജി) തുടങ്ങിയ പദ്ധതികളെ കൂട്ടിയിണക്കി കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും ആലോചനയുണ്ട്.
ദീര്‍ഘനാള്‍ ജില്ലയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളതിനാല്‍ ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ അറിയാമെന്നും എസ്. പി പറഞ്ഞു. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായും, അടിമാലി, കാളിയാര്‍ പോലീസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായും, തൊടുപുഴ ഡിവൈഎസ്പിയായും, ഇടുക്കി ഇന്റലിജന്‍സ് ഡിവൈഎസ്പിയായും, ക്രൈം ബ്രാഞ്ച് എസ്.പിയായും കെ എം സാബു മാത്യു പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയാണ്. 2023 മുതല്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്നു. എം.എ ബി.എഡ് ബിരുദധാരി . നിലവില്‍ മൂവാറ്റുപുഴയില്‍ സ്ഥിര താമസം. ഭാര്യ ലിന്‍സി ടെസ് സാബു അധ്യാപികയാണ്. ഡോ. ആന്റണി സാബു, നിമിഷ സാബു എന്നിവർ മക്കള്‍.
അമ്പതോളം ഗുഡ് സര്‍വ്വീസ് എന്‍ട്രികളും, നിരവധി പ്രശംസാപത്രങ്ങളും ലഭിച്ചിട്ടുളള അദ്ദേഹം 2015 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും, 2017 വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡലും, കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്.