ഹയർ സെക്കണ്ടറി വിഭാഗത്തിൽ കാഴ്ച പരിമിതർക്കായി ബ്രെയിൽ ലിപി പുസ്തകം അച്ചടിച്ചു തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബ്രെയിൽ ലിപി ഹയർ സെക്കണ്ടറിയിൽ പാഠപുസ്തകം ഇല്ലാത്തതിനാൽ പ്രതിസന്ധി അനുഭവിക്കുന്ന കോഴിക്കോട് ആയിഷ സമിഹയുടെ ദുരിതം കഴിഞ്ഞ ദിവസം വാർത്ത ആയായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനം.
കാഴ്‌ച പരിമിതിയുള്ള ആയിഷക്ക് പത്താം ക്ലാസ്സ് വരെയുള്ള പഠനം ഏറെ സുഗമായിരുന്നു. എന്നാൽ പ്ലസ് വണിലേക്ക് പ്രവേശിച്ചതോടെ ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകം ഇല്ലാത്തതിനാൽ മറ്റുള്ളവരുടെ സഹായത്തോടെയാണ് പഠനം മുന്നോട്ട് കൊണ്ട് പോകുന്നത് എന്നതായിരുന്നു വാർത്ത.
ഇതുവരെ പത്താം ക്ലാസ് വരെ മാത്രമായിരുന്നു ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങൾ അച്ചടിച്ചിരുന്നത്. ഇത് ആദ്യമായാണ് ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കും ബ്രെയിൽ ലിബിയിലുള്ള പുസ്തകം സർക്കാർ പുറത്തിറക്കാൻ തയ്യാറെടുക്കുന്നത്. മന്ത്രിയുടെ വാക്കുകളെ ഏറെ സന്തോഷത്തോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്.