മൂന്നാർ: കാട്ടാന പടയപ്പയുടെ ആക്രമണം രൂക്ഷമായ മാട്ടുപ്പട്ടിയിൽ കടുവ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴിന് മാട്ടുപ്പട്ടി അരുവിക്കാടാണ് സംഭവം. ടോപ്പ് ഡിവിഷനിൽ സത്യയുടെ കറവപ്പശുവിനെയാണ് കടുവ ആക്രമിച്ചത്. പശുവിന്റെ കാലിനും പിൻഭാഗത്തും പരിക്കേറ്റിട്ടുണ്ട്.
തൊഴിലാളിലയത്തിൽനിന്ന് അരക്കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്. പശുവിന്റെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിയെത്തി ബഹളംവെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് പോയി.
നേരത്തെ അരുവിക്കാട്-സൈലന്റ് വാലി റോഡിൽ കടുവ ജീപ്പിനു കുറുകെ ചാടിയിരുന്നു. മാട്ടുപ്പട്ടി ബോട്ടിങ് സെന്ററിന് സമീപത്തും പലതവണ കടുവയെ കണ്ടിരുന്നു. പകൽസമയത്ത് കടുവയുടെ ആക്രമണമുണ്ടായത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. പടയപ്പ പ്രദേശത്ത് ദിവസങ്ങളായി കൃഷി നശിപ്പിക്കുന്നുണ്ട്.രാപകൽ വ്യത്യാസമില്ലാതെ ആന പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. വന്യമൃഗ ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് മാട്ടുപ്പട്ടി സൈലന്റ്‌വാലി മേഖലയിലെ ജനങ്ങൾ