ആലപ്പുഴ ചേര്‍ത്തലയിലെ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ മൃതദേഹമെന്ന് സംശയം. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കും. ഭൂമിക്കടിയിലെ അസ്ഥി സാന്നിധ്യം യന്ത്ര സഹായത്തോടെ കണ്ടെത്താനാണ് നീക്കം. രണ്ടര ഏക്കര്‍ പുരയിടത്തില്‍ വ്യാപക പരിശോധന നടത്തും. നിര്‍ണായക ഡിഎന്‍എ ഫലങ്ങള്‍ രണ്ട്. ദിവസത്തിനകം ലഭിക്കും. ബിന്ദു, ഐഷ, ജെയിനമ്മ എന്നിവരുടെ ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനെ അല്‍പസമയത്തിനകം തെളിവെടുപ്പിനായി ആലപ്പുഴയിലെത്തിക്കും. പള്ളിപ്പുറത്തുള്ള സെബാസ്റ്റ്യന്റെ വീട്ടിലാണ് ഇന്നത്തെ തെളിവെടുപ്പ്.

കേസുകളുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സ്ഥലമാണ് പള്ളിപ്പുറത്ത് വീട്. വീടിന് സമീപത്തു നിന്നാണ് കഴിഞ്ഞ ദിവസം അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ വീടിന് സമീപത്ത് ഉണ്ടാകുമോ എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ട്. തെളിവെടുപ്പില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരും. കോട്ടയം ക്രൈംബ്രാഞ്ച് സംഘമാണ് തെളിവെടുപ്പിനായി എത്തുന്നത്.

ചേര്‍ത്തലയിലെ തിരോധാന കേസുകളില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അഞ്ചുവര്‍ഷം മുമ്പ് ചേര്‍ത്തലയില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ കേസ് വീണ്ടും അന്വേഷിക്കുമെന്ന് ഇന്നലെ വ്യക്തമായിരുന്നു. തിരോധാന കേസുകളില്‍ സെബാസ്റ്റ്യന് സഹായികളുണ്ടെന്ന് വെളിപ്പെടുത്തലുമായി കാണാതായ ഐഷയുടെ ബന്ധുവും ഇന്നലെ രംഗത്തെത്തി. 2020 ഒക്ടോബര്‍ 19നാണ് ചേര്‍ത്തല വള്ളാകുന്നം സ്വദേശിനി സിന്ധുവിനെ കാണാതാകുന്നത്. അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടത്താനാകാതെ 2023ല്‍ അന്വേഷണം അവസാനിപ്പിച്ചു. ഈ കേസിലാണ് പുനരന്വേഷണം.