കൊച്ചി: എറണാകുളം ഡിസിസി അദ്ധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന നിലപാടുമായി ഹൈബി ഈഡന്‍ എംപി. മികച്ച സംഘടന പ്രവര്‍ത്തനം നടക്കുന്ന ജില്ലയാണ്. ജില്ലയില്‍ നടക്കുന്നത് ചടുലമായ സംഘടന പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തി. സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുമായി കെപിസിസി അദ്ധ്യക്ഷന്‍ ചര്‍ച്ച നടത്തി വരികയാണ്. ഈ സമയത്താണ് ഹൈബി ഈഡന്‍ തന്റെ നിലപാട് അറിയിച്ചത്.
ഒന്‍പത് ഡിസിസി പ്രസിഡന്റുമാരെ മാറ്റിയേക്കും. പ്രവര്‍ത്തന മികവ് പുലര്‍ത്തിയവരെ മാറ്റേണ്ടതില്ലെന്ന് തീരുമാനമുണ്ടായതിനാല്‍ അഞ്ച് ഡിസിസി പ്രസിഡന്റുമാര്‍ തുടരും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ പ്രസിഡന്റുമാരെയാകും നിലനിര്‍ത്തുക.
ബ്ലോക്ക് തലത്തിലെ പ്രവര്‍ത്തനം, ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മാണം എന്നിവയെല്ലാമാണ് കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറിന് ഗുണമായത്. നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് പക്വതയോടെ ഇടപെട്ടതാണ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ വി എസ് ജോയിക്ക് ഗുണമായത്. യുവനേതാവ്, സമരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാള്‍ എന്ന ഇമേജ് എറണാകുളം ജില്ലാ അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനുണ്ട്. അതുകൊണ്ടുതന്നെ ഷിയാസിനെ മാറ്റിയേക്കില്ല. തൃശ്ശൂരില്‍ പുതിയ ഡിസിസി അധ്യക്ഷന്‍ ചുമതലയേറ്റെടുത്ത് അധികമായിട്ടില്ല എന്നതിനാല്‍ അവിടെ മാറ്റമുണ്ടാകില്ല.
കെപിസിസിയിലും സമഗ്ര അഴിച്ചുപണി ഉണ്ടായേക്കില്ല. ഭാരവാഹികളായ ഭൂരിഭാഗം പേരെയും നിലനിര്‍ത്താനാണ് തീരുമാനം. പരമാവധി 85 ഭാരവാഹികളെ ഉള്‍പ്പെടുത്താനാണ് നിലവില്‍ ആലോചനകള്‍ നടക്കുന്നത്. അഞ്ച് വൈസ് പ്രസിഡന്റുമാരെ നിയമിക്കാനും നീക്കമുണ്ട്. സംസ്ഥാനത്തെ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കേണ്ടതിനാല്‍ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ആഗസ്റ്റ് ആദ്യവാരത്തോടെ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം