ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു. മേഘ വിസ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോഴുള്ളത്. ഉത്തരാഖണ്ഡില്‍ കുടുങ്ങിയ രാമചന്ദ്രന്‍ നായരുടെ മകന്‍ രോഹിത് ആണ് ഇക്കാര്യം അറിയിച്ചത്.

ഒന്നാം തിയതി മുംബൈയില്‍ നിന്ന് ഡല്‍ഹി വരെ ട്രെയിനിനാണ് സംഘം യാത്ര പോയത്. അവിടെ നിന്നാണ് 28 പേര്‍ ചേര്‍ന്ന് ചാര്‍ദാം യാത്ര തുടങ്ങിയത്. വിവരമറിഞ്ഞ് ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഇന്നലെ രാവിലെ അവിടുത്തെ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സംഘം സുരക്ഷിതരാണെന്നും ഗംഗോത്രി എന്ന സ്ഥലത്താണ് ഉള്ളതെന്നും അറിയിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അവിടെ നിന്ന് കിട്ടുമെന്നും പറഞ്ഞു. അവരോട് വീഡിയോ കോളിലും സംസാരിക്കാന്‍ സാധിച്ചുവെന്നും രോഹിത് വ്യക്തമാക്കി. മേഘ വിസ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോള്‍.

 

അതേസമയം, ധരാലിയില്‍ രക്ഷാ ദൗത്യം ഇന്നും തുടരുന്നു. 60 ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. എന്‍ഡിആര്‍എഫ് , ഐടിബിപി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവര്‍ത്തനവും സ്ഥിതിഗതികളും വിലയിരുത്തി. ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. ഒരുമിച്ച് ദുരന്തത്തെ മറികടക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുന്നിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു