കോതമംഗലം: കനത്തമഴയെ തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ ചരിഞ്ഞ അഞ്ച് കാട്ടാനകളുടെ ജഡം കണ്ടെത്തി. മലയാറ്റൂര്‍ ഡിവിഷനു കീഴിലെ കുട്ടംപുഴ ഫോറസ്റ്റ് ഡിവിഷനില്‍ രണ്ടു കൊമ്പനാനകളും ഇടമലയാര്‍ റെയ്ഞ്ച് പരിധിയില്‍ പിടിയാനയും കുഞ്ഞും വാഴച്ചാല്‍ ഡിവിഷിന് കീഴിലെ അതിരിപ്പിള്ളി റെയ്ഞ്ചിലെ അയ്യമ്പുഴ സ്റ്റേഷന്‍ പരിധിയിലെ ആറാം ബ്ലോക്കില്‍ ഗര്‍ഭിണിയായ ആനയും ആണ് ചരിഞ്ഞത്.

കുട്ടംപുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തിനു സമീപത്ത് പിടിയാനയുടെ ജഡവും ചപ്പാത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കണ്ടംപാറ ഭാഗത്ത് കൊമ്പന്റെ ജഡവുമാണ് കണ്ടെത്തിയത്. രണ്ട് ആനകള്‍ക്കും 15 വയസ്സില്‍ താഴെ പ്രായം കണക്കാക്കുന്നതായി അധികൃതര്‍ പറഞ്ഞു. ജഡത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. പൂയംകുട്ടി പുഴയിലെ പീണ്ടിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് താഴേക്ക് പതിച്ചതാകാമെന്നാണ് നിഗമനം.

വീഴ്ചയില്‍ രണ്ട് ആനകളുടെയും വാരിയെല്ലുകള്‍ ഒടിഞ്ഞ് രക്തസ്രാവം സംഭവിച്ചതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പാലോട് വെറ്ററിനറി ലാബില്‍ പരിശോധനയ്ക്ക് അയക്കും. കൊമ്പുകള്‍ രണ്ടും കുട്ടംപുഴ റെയ്ഞ്ച് ഓഫീസിലേക്ക് മാറ്റി.

മലയാറ്റൂര്‍ ഡിഎഫ്ഒ പി. കാര്‍ത്തിക്, കോടനാട് അഭയാരണ്യത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ബിനോയ് സി. ബാബു, ഡോ. സിറിള്‍ അലോഷ്യസ്, കുട്ടംപുഴ റെയ്ഞ്ച് ഓഫീസര്‍ വി.പി. മുരളീദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡങ്ങള്‍ വനത്തില്‍ സംസ്‌കരിച്ചു.

അയ്യമ്പുഴ ആറാം ബ്ലോക്ക് ഭാഗത്ത് തോട്ടിലെ കലുങ്കിനു സമീപത്താണ് പിടിയാനയുടെ ജഡം വ്യാഴാഴ്ച രാവിലെ കണ്ടത്. 20 വയസ്സ് തോന്നിക്കുന്ന ആന ആറുമാസം ഗര്‍ഭിണിയായിരുന്നു. ഏതാനും ദിവസം മുന്‍പും ആനയ്ക്ക് വീഴ്ചയില്‍ പരിക്കേറ്റിരുന്നിരുന്നു. രണ്ടാമത്തെ വീഴ്ച മരണകാരണമായി. ആന്തരികാവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജഡം സംസ്‌കരിച്ചു.