മറയൂർ:അഞ്ചുനാടിന്റെ ഒരു സ്വപ്നംകൂടി സാക്ഷാത്കരിക്കുന്നു. മറയൂർ-കാന്തല്ലൂർ പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണത്തിന്റെ ആദ്യഘട്ടനിർമാണം ആരംഭിച്ചു. നാലുകോടി രൂപ ചെലവിൽ ബിഎംബിസി നിലവാരത്തിൽ വീതി കൂട്ടിയുള്ള ടാറിങ് ജോലിയാണ് ആരംഭിച്ചിരിക്കുന്നത്.

മറയൂർ ബാബുനഗറിൽനിന്ന്‌ കാന്തല്ലൂർ പയസ് നഗർ ആനക്കോട്ടപ്പാറവരെയുള്ള ആറുകിലോമീറ്ററാണ് ആദ്യഘട്ടത്തിൽ ടാറിങ് ചെയ്യുന്നത്. അഞ്ചരമീറ്റർ വീതിയിലാണ് ബിഎംബിസി സംവിധാനത്തിൽ ടാറിങ് നടത്തുന്നത്. ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള കേന്ദ്ര ടൂറിസം വകുപ്പിന്റെ ഗോൾഡൻ പുരസ്കാരം നേടിയ പഞ്ചായത്താണ് കാന്തല്ലൂർ. മറയൂർ, കാന്തല്ലൂർ മേഖലയിലെ വിവിധ വിനോദകേന്ദ്രങ്ങളിൽ എത്തുന്നതിനുള്ള ഏകപാതയാണിത്. നൂറുകണക്കിന് വാഹനങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് ഈ പാതയിലൂടെയുള്ള യാത്ര ഏറെ ദുരിതമാണ് നല്കിയിട്ടുള്ളത്.

ഈ പാതയ്ക്ക് വീതിയില്ലാത്തതും ടാറിങ് തകർന്നതുംമൂലം ഏറെ ബുദ്ധിമുട്ടായിരുന്നു. മറയൂരിൽനിന്ന്‌ കാന്തല്ലൂരിലേക്ക് 10 കിലോമീറ്ററാണുള്ളത്. ബാക്കി 10 കിലോമീറ്റർ റോഡിന്റെ നവീകരണം നടത്തുന്നതിനുള്ള പദ്ധതിയുടെ നടപടികൾ പൂർത്തീകരിച്ചുവരുന്നതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. പാതയുടെ നവീകരണം പൂർത്തിയായാൽ വിനോദസഞ്ചാരമേഖലയിൽ പുത്തനുണർവിന് കാരണമാകും.