കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യാനികൾക്കെതിരെ വർഗീയ വേട്ടയാടൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞു. അതിൻ്റെ പ്രതിഫലനമാണ് ഛത്തീസ്ഗഡിൽ നടന്നത്. മതപരിവർത്തനം നടത്തിയെന്നത് വ്യാജ ആരോപണത്തിലായിരുന്നു അക്രമണം. സംഘപരിവാർ ഗുണ്ടകളാണ് ആക്രമിച്ചത്. ഇത്തരം നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

“മതപരിവർത്തനം ആരോപിച്ച് ഒഡീഷയിലെ ജലേശ്വരിൽ കേരളീയ കത്തോലിക്കാ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെ സംഘപരിവാർ ഗുണ്ടകൾ നടത്തിയ ആക്രമണത്തിൻ്റെ റിപ്പോർട്ടുകൾ, രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വർഗീയ മന്ത്രവാദ വേട്ടയെ പ്രതിഫലിപ്പിക്കുന്നു. ആഴ്ചകൾക്ക് മുമ്പ് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഉദാഹരണമാണ്. ഭരണകൂടത്തിൻ്റെ അപ്രമാദിത്വത്താൽ സാധ്യമായ ഇത്തരം ഹിന്ദുത്വ ജാഗ്രതയെ മതനിരപേക്ഷ-ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്” മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

അതേസമയം ഒഡിഷയിൽ കന്യാസ്ത്രീകളെയും വൈദികരേയും ആക്രമിച്ച സംഭവത്തിൽ സംഘപരിവാറിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് മക്കളേയും ചുട്ടുകരിച്ച ബജ്രംഗ്ദൾ ഇപ്പോഴും അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ഗോവിന്ദപ്പിള്ള ജന്മശതാബ്ദി വാർഷികാചരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി