ആലുവ: ആലുവ തോട്ടുമുഖത്ത് കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ച അസാം സ്വദേശി പിടിയിൽ. പെരുമ്പാവൂർ ബംഗാൾ കോളനിയിൽ താമസിക്കുന്ന അസാം നാഗോൺ ബയ്യപ്പെട്ടി സ്വദേശി ജാവിദ് അലിയാണ് (23) പിടിയിലായത്. ചൊവ്വാഴ്ച്ച രാത്രിയാണ് കവർച്ച നടത്തിയത്.

ബുധനാഴ്ച രാവിലെ കടയുടമ പുത്തൻപുരയിൽ അയൂബ് കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ആദ്യം തറ തുരന്നു കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടപ്പോഴാണ് കടയുടെ പൂട്ട് തല്ലിപ്പൊളിച്ചത്. കടയിലെ ഫ്രിഡ്ജിൽ നിന്ന് സോഫ്ട് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയ പ്രതി വെളിച്ചെണ്ണ കൂടാതെ 10 പാക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും കവർന്നിരുന്നു.

പരാതിയെ തുടർന്ന് പൊലീസ് നടത്തിയ സി.സി ടി.വി പരിശോധനയിലാണ് പ്രതി പെരുമ്പാവൂർ ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായത്. തുടർന്ന് എസ്.പിയുടെ പ്രത്യേക സ്ക്വാഡ് പ്രതിയെ പെരുമ്പാവൂരിൽ നിന്ന് ആണ് പിടികൂടിയത്.