ഓണക്കാലത്ത് ഗ്യാസ് സിലിണ്ടറുകളുടെ കാലതാമസം കൂടാതെയുള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഗ്യാസ് എജന്‍സികള്‍ക്കും ഓയില്‍ കമ്പനി പ്രതിനിധികള്‍ക്കും നിര്‍ദേശം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ മീഡിയ ഹാളില്‍ സംഘടിപ്പിച്ച എല്‍.പി.ജി ഓപ്പണ്‍ ഫോറത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഗ്യാസ് ഗോഡൗണില്‍ ഉപഭോക്താക്കള്‍ നേരിട്ടെത്തി സിലണ്ടറുകള്‍ വാങ്ങുമ്പോള്‍ 29.50 രൂപ കുറവ് ഉണ്ട് എന്ന് ഓയില്‍ കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. എല്‍.പി.ജി ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി എത്രയും വേഗം പൂര്‍ത്തികരിക്കുന്നതിനായി വിപുലമായ പരസ്യപ്രചാരണം നടത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്തു.