അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയ്ക്ക് അനുമതി ലഭിച്ചതിനു പിന്നാലെ നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാത കടന്നു പോകുന്ന മൂന്ന് ജില്ലകളിലെ കലക്‌ടര്‍മാരുടെ യോഗം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് വിളിച്ചു. ബുധനാഴ്‌ച(ജൂണ്‍ 11) വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലാ കലക്‌ടര്‍മാര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, കെ-റെയില്‍ എംഡി, റെയില്‍വെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കണ്‍സ്ട്രക്ഷന്‍-എറണാകുളം എന്നിവരുടെ യോഗമാണ് വിളിച്ചത്. റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാനും യോഗത്തില്‍ സംബന്ധിക്കും. രാവിലെ 11 മണിക്കാണ് യോഗമെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ്റെ ഓഫീസ് അറിയിച്ചു. പ്രധാനമായും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. പദ്ധതിക്ക് കേന്ദ്രം വീണ്ടും അനുമതി നല്‍കിയ സാഹചര്യത്തില്‍ ഉടനടി സ്ഥലമേറ്റെടുക്കലും നിര്‍മാണവും ആരംഭിക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. നേരത്തെ അങ്കമാലിയില്‍ നിന്ന് കാലടി വരെ എട്ട് കിലോമീറ്റര്‍ മാത്രമാണ് സ്ഥലം ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അങ്കമാലിയില്‍ നിന്ന് 70 കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കിലിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ആകെ 111 കിലോമീറ്ററാണ് അങ്കമാലി-എരുമേലി ശബരി പാതയുടെ നീളം