രാജ്യത്തെ നടുക്കി ഗുജാറാത്തിലെ അഹമ്മദാബാദിൽ വൻവിമാനദുരന്തം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യാ വിമാനത്തിലെ 241 പേരും മരിച്ചു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ തകർന്ന് അഞ്ച് മെഡിക്കൽ വിദ്യാർഥികളും മരിച്ചെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല.

230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷുകാരും 7 പേര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും കൊല്ലപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. വ്യോമയാന മന്ത്രി റാം മോഹന്‍ റായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. റാം മോഹന്‍ നായിഡുവും കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായും ഉടന്‍ അഹമ്മദാബാദിലേക്ക് തിരിക്കും. ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു.