ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പിടിയിലായ മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കാന്‍ ശ്രമം. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുംബൈയിലേക്ക് എത്തിയത്. ഇന്നലെയാണ് ലിവിയ പിടിയിലായത്.

സ്‌കൂട്ടറിലും ബാഗിലുമായി എല്‍എസ്ടി സ്റ്റാമ്പുകള്‍ സൂക്ഷിക്കുകയും പിന്നാലെ എക്‌സൈസിലും പൊലീസിനും വിവരം നല്‍കി ഷീലാ സണ്ണിയെ കുടുക്കുകയുമായിരുന്നു ഉദ്ദേശ്യം. സുഹൃത്ത് നാരായണ്‍ദാസിനെ കൂട്ടുപിടിച്ച് ആസൂത്രണം വിജയകരമായി നടപ്പിലാക്കി. 72 ദിവസമാണ് ഷീലാ സണ്ണിക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. പിന്നാലെ നടത്തിയ രാസപരിശോധനയിലാണ് ലഹരി വ്യാജമാണെന്ന് കണ്ടെത്തിയതും ഷീലാസണ്ണിയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതും.

വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നില്‍. മരുമകളുടെ സ്വര്‍ണം പണയം വെച്ചതുമായി ബന്ധപ്പെട്ട് ഷീലയുടെ കുടുംബവും മരുമകളുടെ കുടുംബവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. കടം വീട്ടാനായി ഷീല സണ്ണി ഇറ്റലിയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ സ്വര്‍ണത്തിന്റെ കാര്യം തീരുമാനമാകാതെ പോകുന്നു എന്ന് എതിര്‍പ്പ് മരുമകളുടെ കുടുംബത്തില്‍ നിന്നും ഉയര്‍ന്നു. തനിക്ക് കൂടെ അവകാശപ്പെട്ട സ്വത്ത് ഷീല തട്ടിയെടുത്തു എന്ന ചിന്തയാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നാരായണ്‍ ദാസ് പിടിയിലായതോടെയാണ് ലിവിയയുടെ പങ്ക് പുറത്തായത്. താനല്ല പ്രധാനമായും പദ്ധതിക്ക് പിന്നിലെന്നും മരുമകളുടെ സഹോദരി ലീവിയ ആണെന്നും മൊഴി നല്‍കി. തുടര്‍ന്ന് ലിവിയയെ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം ആയിരുന്നു പ്രത്യേക അന്വേഷണസംഘം നടത്തിയത്. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയപ്പോള്‍ ദുബായിലേക്ക് കടന്നു കളയുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നും ലിവിയ പിടിയിലാകുന്നത്. കേരളത്തിലെത്തിച്ച് നാരായണ്‍ ദാസുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.