റേഷൻ മണ്ണെണ്ണ വിതരണത്തിന് നടപടിയായി. റേഷൻകടകളിലൂടെയുളള മണ്ണെണ്ണ വിതരണം ഉടൻ തുടങ്ങും. വിതരണം സുഗമമാക്കാൻ മണ്ണെണ്ണ ഡിപോ ഉടമകളുടെ കമ്മീഷനും കടത്ത് കൂലിയും കൂട്ടി. മണ്ണെണ്ണ ഡിപ്പോകൾ പൂട്ടിയത് മൂലം വിതരണം തടസപ്പെട്ടിരിക്കുകയായിരുന്നു. മഞ്ഞക്കാർഡുകാർക്ക് 1 ലീറ്ററും മറ്റ് കാർഡുകാർക്ക് അര ലീറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.

ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 ആദ്യപാദത്തിലേയ്ക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. മണ്ണെണ്ണ വിഹിതത്തിലുണ്ടായ കുറവ് കൂടി പരിഗണിച്ചു കൊണ്ട് കടത്ത് കൂലിയിലും റീട്ടെയില്‍ കമ്മീഷനിലും കാലാനുസൃതമായ വര്‍ദ്ധനവ് വരുത്തണമെന്ന് മൊത്ത വ്യാപാരികളും റേഷന്‍ ഡീലര്‍മാരും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറെ ചുമതലപ്പെടുത്തുകയുണ്ടായി.

കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പി.ഡി.എസ്. സബ്‌സിഡി, നോണ്‍-സബ്‌സിഡി മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യുന്ന മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലിയും റേഷന്‍ വ്യാപാരികള്‍ക്കുള്ള റീട്ടെയില്‍ കമ്മിഷനും വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.

മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റര്‍ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയിട്ടാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷന്‍വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ ലിറ്ററിന് 6 രൂപയാക്കി ഉയര്‍ത്തി. രണ്ട് വര്‍ദ്ധനവുകള്‍ക്കും 2025 ജൂണ്‍ 1 മുതല്‍ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.