കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി. പെട്രോളിയം വ്യാപാരികളുടെ സംഘടനയായ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പൊതു ശൗചാലയങ്ങളാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

പെട്രോള്‍ പമ്പുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിനെയും തിരുവനന്തപുരം കോര്‍പ്പറേഷനെയും ഹൈക്കോടതി വിലക്കി. സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യം പമ്പുകളുടെ പ്രതിദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന വാദം പരിഗണിച്ചാണ് ഹൈക്കോടതി നടപടി. അതീവ അപകട സാധ്യതാ മേഖലകളായ പെട്രോള്‍ പമ്പുകളില്‍ സംഘര്‍ഷമുണ്ടാകുന്നത് അപകട സാധ്യതയുണ്ടാക്കുമെന്ന വാദവും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.