ദിശാബോധവും അറിവുമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍  ഒപ്പമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാകുന്നേല്‍. പൈനാവ് എം.ആര്‍.എസ് സ്‌കൂളില്‍ സംഘടിപ്പിച്ച വായന ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  അറിവ് പകരുന്ന നല്ല പുസ്തകങ്ങള്‍ വായിച്ച് നല്ല പൗരന്മാരായി തീരണം.  ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന അധ്യാപകരെപ്പോലെ പുസ്തകങ്ങളും നമ്മുടെ ഗുരുക്കന്‍മാരാണ്. വിദ്യാഭ്യാസ കാലത്തുതന്നെ വായന ഒരു ശീലമാക്കി യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച
ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥന്‍ പറഞ്ഞു. സ്‌കൂള്‍ പഠനകാലത്തെ തന്റെ വായനാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

ജില്ലാ ഭരണകൂടം,  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരത മിഷന്‍ ജില്ലാ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  വായനപക്ഷാ ചരണം സംഘടിപ്പിച്ചത്.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോയ് കാട്ടുവള്ളി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ലഹരി ബോധവല്‍ ക്കരണ ക്ലാസ് ഫാദര്‍ ഡോ. മനോജ് നയിച്ചു.

വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ ക്വിസ് മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അര്‍ച്ചന. എസ്, അശ്വിന്‍ രമേശ്, സജിത. എം എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി.

ഹയര്‍സെക്കന്ററിവിഭാഗത്തില്‍ വിഷ്ണു ബിജു, അപര്‍ണ ജി, സാന്ദ്ര സജി എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍. പണിക്കരുടെ ചരമ വാര്‍ഷിക ദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസ് അനുസ്മരണ ദിനമായ ജൂലൈ 7 വരെയാണ് വായന പക്ഷാചരണം നടത്തുക.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ്, സാക്ഷരത മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ പി. എം അബ്ദുള്‍ കരീം, ഐ. ടി. ഡി. പി പ്രൊജക്റ്റ് ഓഫീസര്‍ ജി. അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എം.എന്‍ സുനില്‍ കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എം, ജി.എസ്, ഇ.എം.ആര്‍ എസ് സ്‌കൂള്‍ പ്രധാന അധ്യാപിക ജെ. രാധ,വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.