ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ജനപ്രിയ വ്യായാമമാണ് സൂംബ. ക്ഷീണവും തളര്‍ച്ചയുമില്ലാത്ത, നൃത്തവും സംഗീതവും ചേര്‍ന്ന ഒരു വ്യായാമം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന ഒരു വ്യായാമം, അതാണ് സൂംബ.

ലാറ്റിൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എയറോബിക് വ്യായാമവുമായി സംയോജിപ്പിക്കുന്ന ഫിറ്റ്നസ് പ്രോഗാം ആണിത്. മനസ്സിനും ശരീരത്തിനും ഉന്മേഷവും ആത്മവിശ്വാസവും പകരാൻ സൂംബയ്ക്ക് സാധിക്കും. നൃത്തവും സംഗീതവും കൂടിച്ചേർന്നുള്ള സൂംബ മികച്ച അനുഭവമാകും നൽകുക. മാനസിക ഉന്മേഷത്തിനൊപ്പം ആരോഗ്യമുള്ള ശരീരവും സമ്മാനിക്കാൻ സുംബയ്ക്ക് സാധിക്കും. വ്യായാമം ചെയ്യാൻ മടിയുള്ളവരെ പോലും ആകർഷിക്കാൻ സൂംബയ്ക്ക് സാധിക്കുമെന്ന പ്രത്യേകതയാണ് പ്രായഭേദമന്യേ എല്ലാവരെയും സൂംബ ക്ലാസുകളിലെത്തിക്കുന്നത്. വണ്ണം കുറയ്ക്കാനും ശരീരത്തിന് ആകാരഭംഗി നേടിയെടുക്കാനും മാത്രമല്ല സുംബ. മാനസ്സിക പിരിമുറുക്കം കുറയ്ക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും സൂംബയ്ക്ക് സാധിക്കും

സൂംബയുടെ ​ഗുണങ്ങൾ എന്തെല്ലാം?

ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും കൂടി മെച്ചപ്പെടുത്താനും സൂംബയ്ക്ക് കഴിയും. സൂംബ പരിശീലിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യമുള്ള ശരീരം സമ്മാനിക്കുന്നതിനും കാരണമാകും. നൃത്തവും സംഗീതവും ഉൾപ്പെടുന്നതുകൊണ്ട് ശരീരത്തിൽ സന്തോഷഹോർമോണുകളുടെ ഉത്‌പാദനം കൂട്ടി മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കും. കുട്ടികളുടെ ഊർജം വഴിതിരിച്ചുവിടാനും ഈ വ്യായാമം സഹായകരമാണ്.

ഓർമ്മശക്തി, ചിന്താശേഷി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നതിനുപുറമേ, വിഷാദരോഗത്തിൽനിന്ന് കരകയറാനും സഹായിക്കും. ഉറക്കത്തിന്റെ അളവ് കൂട്ടാനും അമിതവണ്ണം കുറയ്ക്കാനും സാധിക്കും. ഗ്രൂപ്പായി ചെയ്യുന്ന വ്യായാമമായതുകൊണ്ട് ടീംവർക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാനും സാധിക്കും.

മികച്ച കാർഡിയോ വാസ്കുലർ വ്യായാമം കൂടിയാണിത്. ഒരു മണിക്കൂർ സൂംബ ചെയ്യുമ്പോൾ ശരീരത്തിൽനിന്നും 500 മുതൽ 700 കലോറി വരെ കത്തിച്ച് കളയാനാകും. കൈകളുടെയും കാലിൻ്റെയും കരുത്ത് മെച്ചപ്പെടുത്താനുമാകും. സുഹൃത്തുക്കൾക്ക് ഒപ്പം ചെയ്യുന്നതിനാൽ തന്നെ മടി തോന്നുകയില്ല. പ്രത്യേക നൃത്ത വൈദഗ്ധ്യം ആവശ്യമില്ലാത്തതിനാൽ തന്നെ കുട്ടികൾ മുതൽ പ്രായം ചെന്നവർ ഉൾപ്പെടെയുള്ളവർക്ക് സൂംബ പരിശീലിക്കാനും ജീവിതത്തിൻ്റെ ഭാഗമാക്കാനുമാകും.

സൂംബ ക്ലാസുകൾ പലതരം

വിവിധ തരത്തിലുള്ള സൂംബ ക്ലാസ്സുകള്‍ നിലവിലുണ്ട്. ഹൃദയാരോഗ്യം കണക്കിലെടുത്താണ് നൃത്തത്തിലെ ഈ വ്യതിയാനം. ഒരാൾക്ക് ആഴ്ചയിൽ മൂന്ന് ക്ലാസുകൾ വരെ അറ്റൻഡ് ചെയ്യാം. അക്വ സൂംബ, സൂംബ ഗോൾഡ്, സൂംബ കിഡ്സ്, സൂംബ കിഡ്സ് ജൂനിയർ, സൂംബ സ്റ്റെപ്പ്, സൂംബിനി (Zumbini), സ്ട്രൊങ് ബൈ സൂംബ, സൂംബ ഗോൾഡ് – ടോണിങ്, സൂംബ ഇൻ ദ സർക്യൂട്ട്, സൂംബ സെൻ്റാഓ, സൂംബ ടോണിങ് എന്നിങ്ങനെ വിവിധതരം സൂംബ ക്ലാസുകൾ ഇന്ന് നിലവിലുണ്ട്