തൊടുപുഴ : ചക്ക വെട്ടിയൊരുക്കി കൊടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന കർഷകരുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുക പ്രയാസമാണ്. എന്നാൽ കർഷകരായ ആലക്കോട് സ്വദേശിനി മോളി ആൻ്റണിയുടെ വിജയഗാഥ അറിയുന്നവർ പറയും ചക്കയുടെ സാധ്യത . ചക്ക സീസൺ ആരംഭിച്ച് കഴിഞ്ഞാൽ മൂവായിരം മുതൽ അയ്യായിരം രൂപ വരെയാണ് മോളി ആൻ്റണിയുടെ ഒരു ദിവസത്തെ വരുമാനം. 25 മുതൽ 30 കിലോയിൽ അധികം ചക്ക ചുള വെട്ടിയൊരുക്കി വിപണിയിലെത്തിക്കുന്ന മോളിയും ഭർത്താവ് ആൻ്റണിയും മികച്ച വരുമാനം നേടുന്ന കർഷകരാണ്. തൊടുപുഴയിൽ പ്രവർത്തിക്കുന്ന കർഷക വിപണന കേന്ദ്രമായ കാഡ്സിൻ്റെ ഓപ്പൺ മാർക്കറ്റിലൂടെയാണ് മോളിയേ പോലുള്ള കർഷകർ.

ഒരു ദിവസത്തെ വരുമാനം അയ്യായിരത്തോളം
ചക്ക വെട്ടിയൊരുക്കി വിറ്റ് ചക്കചുള പോലെ പണം നേടുന്ന മോളി ആൻ്റണി തന്നെയാണ് താരം. അയ്യായിരം രൂപ വരെയാണ് ഒരു ദിവസത്തെ വരുമാനം. രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയാൽ പിന്നെ വലിയ ഒരു ഏണിയുമെടുത്ത് പറമ്പിലേയ്ക്ക് ഇറങ്ങുകയായി.
കൃഷിയിടത്തിൽ നിരവധി പ്ലാവുകകളാണുള്ളത്. ഇതിൽ മൂപ്പെത്തിയ പത്തോളം ചക്കകളുമായാണ് മടങ്ങിയെത്തുക. പിന്നീട് ഇത് വേഗത്തിൽ വെട്ടിയൊരുക്കി പത്തിന് മുമ്പായി തൊടുപുഴയിലെ കാഡ്സിൻ്റെ വിപണന കേന്ദ്രത്തിലും മറ്റു ചില കടകളിലും എത്തിക്കുന്നതിനുള്ള തിരക്കിട്ട പണി. ഭർത്താവ് ആൻ്റണി സഹായത്തിനുണ്ടാകും. നാടൻ ചക്കകളാണ് കൂടുതലായും നൽകുന്നത്. മൂത്ത് വേവിക്കാൻ പാകമായ ചക്കയുടെ ചുള വെട്ടിയൊരുക്കി ചകിണി കളഞ്ഞ് കുരുവോട് കൂടിയും അല്ലാതെയും വിപണിയിലെത്തിച്ച് നൽകിയാണ് ഈ വരുമാനം.

ഡിസംബർ മുതൽ ഓഗസ്റ്റ് വരെ മാസങ്ങളിൽ തനിക്ക് ചക്ക വിപണിയിലെത്തിക്കാൻ കഴിയാറുണ്ടന്ന് ഇവർ പറയുന്നു. ചക്കയും ചക്ക ഉല്പന്നങ്ങളും കഴിക്കുന്നതാണ് തങ്ങളുടെ മികച്ച ആരോഗ്യത്തിൻ്റെ രഹസ്യമെന്നു കൂടി ഇവർ പറയുന്നു.
: വരുമാനത്തിനൊപ്പം ജീവിതം ആസ്വാദ്യകരമാക്കിയും ദമ്പതികൾ
മക്കളെല്ലാം വിദേശത്ത് കഴിയുന്ന മോളി – ആൻ്റണി ദമ്പതികൾക്ക് ചക്ക ചുള വ്യാപാരം വരുമാനം മാത്രമല്ല ജീവിതാസ്വാദനം കൂടിയാണ്. നാലേക്കർ വരുന്ന കൃഷിയിടം റംബുട്ടാൻ തോട്ടം, പ്ലാവുകൾ, തെങ്ങുകൾ തുടങ്ങി പഴവർഗങ്ങളാലും സമ്പന്നമാണ്. 100 ലേറെ പ്ലാവുകളാണുള്ളത്. ഇരുവരും ചേർന്ന് രാവിലെ തന്നെ ചക്ക വെട്ടിയൊരുക്കി വിപണിയിലെത്തിക്കും.

കൂടുതൽ മൂല്യാധിഷ്ഠിത ഉല്പന്നങ്ങളിലൂടെ ഈ രംഗത്ത് സജീവമാകാനാണ് ഇരുവർക്കും ഇഷ്ടം. മക്കൾ മൂന്നു പേരും വിദേശത്ത് ജോലി ചെയ്യുകയാണ്. ചക്ക ചുള വ്യാപാരവും യാത്രകളുമൊക്കൊയായി ജീവിതം ആഘോഷവും ആസ്വാദ്യകരമാക്കുകയാണ് ഇരുവരും.
ചക്ക പോലെ ഇത്രയും രുചിയും ഗുണവുമുള്ള വസ്തു മറ്റുള്ളവർക്ക് കൂടി ലഭിക്കണമെന്ന ചിന്തയാണ് വരുമാനത്തെക്കാൾ ഉപരി തങ്ങളെ ഇതിൽ നിലനിർത്തുന്നതെന്ന് മോളി ആൻ്റണി പറയുന്നു.

സംസ്ഥാന വ്യാപകമായ വിപണി സാധ്യതയുള്ള ഉല്പ്പന്നം
യാതൊരു യന്ത്രസഹായവുമില്ലാതെ കത്തി ഉപയോഗിച്ച് വെട്ടിയൊരുക്കി വിപണിയിലെത്തിക്കാവുന്ന ഒരു മൂല്യവർദ്ധിത ഉൽപന്നമാണ് ചക്കചുള വിപണിയെന്ന് കർഷക ഓപ്പൺ വിപണി തൊടുപുഴ കാഡ്സ് ചെയർമാൻ കെ.ജി ആൻ്റണി കണ്ടിരിക്കൽ ഓൺ മനോരമയോട് പറഞ്ഞു. വരിക്കയോ കൂഴയോ എന്ന വേർതിരിവില്ലാതെ ചുളയ്ക്ക് വില ലഭിക്കും. സീസണിൻ്റെ ആരംഭത്തിൽ ഒരു കിലോ ചക്ക ചുളയ്ക്ക് 100 രൂപ നിരക്കിലാണ് കർഷകരിൽ നിന്നും വാങ്ങിയിരുന്നത്. ലഭ്യത കൂടുമ്പോൾ വിലയിൽ നേരിയ വരുമെങ്കിലും കർഷകന് നല്ല വില ലഭിക്കാറുണ്ട്. ഒരു സ്കൂട്ടറിൽ കൊണ്ട് വന്ന് വിപണിയിൽ നൽകി പോകാവുന്ന വിധം ലളിതമാണ് കച്ചവടം. വാങ്ങുന്ന ഉപയോക്താക്കൾക്ക് കയ്യിൽ അരക്ക് പോലും പറ്റാതെ അരമണിക്കൂറിനുള്ളിൽ ചക്ക വേവിച്ച് കഴിക്കാനാവും എന്നതാണ് സാധ്യത. കൂടുതൽ വ്യാപാര കേന്ദ്രങ്ങൾ രംഗത്ത് കേരളത്തിലാകെ വികസിപ്പിച്ചെടുക്കാവുന്ന ഒരു മാർക്കറ്റാണ് ചക്ക ചുളയുടെ. കർഷകൻ്റെ അദ്ധ്യാനത്തിനും ആത്മാഭിമാനത്തിലും വില ലഭിക്കും വിധം വിപണി സാധ്യതകൾ ഒരുക്കുകയാണ് വേണ്ടതെന്ന് ആൻ്റണി കണ്ടിരിക്കൽ പറഞ്ഞു.