സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി നിവാസികളാണ് റേഷൻ കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ കഴിയാത്തത് മൂലം പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
കരാറുകാരന് നൽകാനുള്ള തുക കഴിഞ്ഞ 33 മാസത്തിൽ അധികമായി കുടിശ്ശിക വരുത്തിയത് മൂലം തുടർന്ന് ലോഡ് എത്തിക്കുന്നതിന് വിസമ്മതിച്ചു. ട്രൈബൽ ഡിപ്പാർട്ട്മെൻറ് ആണ് ടെൻഡറിലൂടെ കരാറുകാരനെ തിരഞ്ഞെടുത്ത് ഈ തുക നൽകിയിരുന്നത്. എന്നാൽ മൂന്ന് വർഷത്തോളം തുക കുടിശ്ശിക വരുത്തിയതിനാൽ തുടർന്ന് ലോഡ് എത്തിക്കാൻ കഴിയില്ല എന്നറിയിച്ച് കരാറുകാരൻ സഹകരണ സംഘം സെക്രട്ടറിക്ക് കത്ത് നൽകി പിന്മാറുകയായിരുന്നു.
ഇതൊന്നും അറിയാതെ പഞ്ചായത്തിലെ വിവിധ കുടികളിൽ നിന്നുമായി റേഷൻകടയിലേക്ക് പത്തും പതിനഞ്ച് കിലോമീറ്റർ നടന്നെത്തിയ നിവാസികൾക്കിടയിൽ അരി ലഭിക്കാതെ വന്നപ്പോൾ പ്രതിഷേധത്തിനും കാരണമായി.
പഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നായി രണ്ടായിരത്തോളം കുടുംബാംഗങ്ങളാണ് ഈ റേഷൻ കടയെ ആശ്രയിക്കുന്നത്. ബന്ധപ്പെട്ട അധികൃതരുടെ ആർക്കുവേണ്ടിയുള്ള പ്രവർത്തന ശൈലി നിലവിൽ ആദിവാസികൾക്ക് അന്നം മുട്ടിച്ചിരിക്കുകയാണ്.