തൊടുപുഴ: തൊടുപുഴ താലുക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന പരാതിയുമായി വയോധികന്‍ രംഗത്ത്. കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കം ചെയ്യാതെ പറഞ്ഞയച്ചുവെന്ന പരാതിയുമായി തൊടുപുഴ ആനക്കയം സ്വദേശി രാജു(62)വാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ട് മാസത്തോളം വേദനയും പഴുപ്പുമായി നടക്കേണ്ടിവന്നുവെന്നാണ് രാജു പറയുന്നത്. ഒടുവില്‍ പാലായിലെ സ്വകാര്യ ആശുപതിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ മരക്കുറ്റി പുറത്തെടുത്തതായും രാജു പറഞ്ഞു.

മരപ്പണി ചെയ്യുന്ന ആളാണ് രാജു. ജോലി ചെയ്യുന്നതിനിടെയാണ് മരക്കഷ്ണം രാജുവിന്റെ കാലില്‍ തറച്ചുകയറിയത്. ഏപ്രില്‍ എട്ടിനായിരുന്നു ഈ സംഭവം. തുടര്‍ന്ന് ഏപ്രില്‍ പത്തിന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മുറിവ് പരിശോധിച്ച ഡോക്ടര്‍ ആദ്യഘട്ടത്തില്‍ മരുന്നുവെച്ച് കെട്ടി വിടുകയാണ് ചെയ്തത്. വേദന ശക്തമായതോടെ വീണ്ടും ചികിത്സ തേടി. മുറിവ് പരിശോധിച്ച ഡോക്ടര്‍ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സ്‌കാനിംഗില്‍ കാലില്‍ മരക്കുറ്റി തറച്ചുകയറിയതായി വ്യക്തമായി. തുടര്‍ന്ന് ഏപ്രില്‍ 30 ന് നടത്തിയ ശസ്ത്രക്രിയയില്‍ മരക്കുറ്റിയുടെ ഒരു ഭാഗം നീക്കം ചെയ്തു. മറ്റൊരു ഭാഗം കാലില്‍ തന്നെ തറച്ചിരുന്നു. എന്നാല്‍ മറ്റ് കുഴപ്പങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ പറഞ്ഞയച്ചു. ഇതിന് ശേഷവും രാജുവിന് കാലില്‍ വേദന അനുഭവപ്പെട്ടു. ഇതിന് പുറമേ തുടരെ പഴുപ്പും വരാന്‍ തുടങ്ങി. പ്രമേഹ രോഗിയായതിനാൽ അതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു രാജു കരുതിയിരുന്നത്. രണ്ട് മാസത്തോളം വേദന സഹിച്ചു. തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് കാലില്‍ മരക്കുറ്റിയുടെ ഒരു ഭാഗം തറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമായി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മരക്കുറ്റി നീക്കം ചെയ്യുകയായിരുന്നു.