ഇടുക്കി : ധന വിന്യാസവും, ധനനിര്‍വഹണവും സംബന്ധിച്ച വിഷയങ്ങള്‍ സര്‍ക്കാരിന് കൃത്യമായി ശുപാര്‍ശ ചെയ്യുമെന്ന് ഏഴാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ കെ.എന്‍ ഹരിലാല്‍ പറഞ്ഞു. ധനകാര്യ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ച് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണസമിതി അംഗങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനായാണ് ധനകാര്യ കമ്മീഷന്‍ ജില്ല സന്ദര്‍ശിച്ചത്. ജില്ലയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പും, പദ്ധതികളുടെ സാമ്പത്തിക വിനിയോഗവും ഏഴാം ധനകാര്യ കമ്മീഷന്‍ അവലോകനം ചെയ്തു. 
 
ഇടുക്കി ജില്ലയുടേത് മാത്രമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും കമ്മീഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, ആസൂത്രണ സമിതിയും, ആസൂത്രണ ബോര്‍ഡും ചേര്‍ന്ന് തീരുമാനമെടുത്ത് തദ്ദേശസ്ഥാപനങ്ങളുടെ ഭരണപരമായ വിഷയങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച ശുപാര്‍ശ ധനകാര്യ കമ്മീഷന്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. അടിയന്തര നടപടി സ്വീകരിക്കേണ്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
 
വനം വകുപ്പ്, കൃഷി വകുപ്പ്, പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പദ്ധതികളും ഫണ്ടുകളുമായി ബന്ധപ്പെട്ട ധന വിനിയോഗ പ്രശ്‌നങ്ങള്‍, ഓഡിറ്റിംഗ് സംബന്ധിച്ച പരാതികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ജനപ്രതിനിധികള്‍ കമ്മീഷന് മുന്‍പില്‍ ഉന്നയിച്ചു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മിനിമം വില ഉറപ്പാക്കാന്‍ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. സി.എസ്.ആര്‍ ഫണ്ട് വിനിയോഗം, മനുഷ്യ-വ്യന്യജീവി സംഘര്‍ഷം, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അഭാവം, വിധവ പുനരധിവാസ പദ്ധതി, ഗോത്ര വര്‍ഗ മേഖലകളില്‍ പദ്ധതി നടത്തിപ്പില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, മാര്‍ഗ നിര്‍ദേശങ്ങളില്‍ വരുത്തേണ്ട മാറ്റം തുടങ്ങി അനവധി വിഷയങ്ങള്‍ ജനപ്രതിനിധികള്‍ കമ്മിഷനെ അറിയിച്ചു.
 
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.വിഗ്‌നേശ്വരി ആമുഖപ്രസംഗം നടത്തി. ധനകാര്യ കമ്മീഷന്‍ സെക്രട്ടറി അനില്‍ പ്രസാദ്, ജോയിന്റ് സെക്രട്ടറി പ്രശാന്ത് എം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.