അടിമാലി: കാട്ടാനകൾ സ്ഥിരസാന്നിധ്യമായതോടെ അടിമാലി തുമ്പിപ്പാറ ഉന്നതിയിൽ ആളുകൾ ദുരിതത്തിലായി. കാട്ടുകൊമ്പന്മാരടക്കം പ്രദേശത്ത് തമ്പടിച്ച് കൃഷിയിടങ്ങളിൽ വിലസുന്നതാണ് ഭീഷണിയാകുന്നത്. രാപകൽ വ്യത്യാസമില്ലാതെ കാട്ടാനകൾ കൃഷിയിടങ്ങളിലും സമീപത്തെ ഏലത്തോട്ടങ്ങളിലും തമ്പടിച്ചിരിക്കുന്ന സ്ഥിതിയുണ്ട്. പ്രദേശത്തെ ഏലത്തോട്ടങ്ങളിൽ ആളുകൾ ജോലിക്കിറങ്ങുന്നത് പോലും ഭയപ്പാടോടെയാണ്.തുരത്താൻ ശ്രമിച്ചിട്ടും കാട്ടാനകൾ ജനവാസമേഖലയിൽനിന്നും പിൻവാങ്ങാൻ തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഏലത്തോട്ടത്തിൽ തമ്പടിക്കുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുകയും ആളുകളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സ്ഥിതിയിലുമാണ്. പതിനഞ്ചോളം കാട്ടാനകൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിൽ കാലിനു പരിക്കേറ്റ ആന വ്യാപകമായി കൃഷി നശിപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു. ഏലം ഉൾപ്പെടെയുള്ള കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്.ആനയെ തുരത്താൻ വനംവകുപ്പധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം‏