ഇടുക്കി പീരുമേട്ടില്‍ വനത്തിനുള്ളില്‍ വച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് പൊലീസ് നിഗമനം. ശരീരത്തിലെ പരുക്കുകള്‍ കാട്ടാന ആക്രമണത്തിലുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.
സീതയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ഫോറന്‍സിക് സര്‍ജന്റെ കണ്ടെത്തല്‍ കാട്ടാന ആക്രമണത്തില്‍ അല്ല മരണം എന്നായിരുന്നു. വിശദമായ റിപ്പോര്‍ട്ടും ഫോറന്‍സിക് സര്‍ജന്‍ പോലീസിന് കൈമാറി. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍ കാട്ടാന ആക്രമണമാണ് സീതയുടെ മരണകാരണമെന്ന് സ്ഥിരീകരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന കൊലപാതകത്തിന് കാരണമാകുന്ന പരുക്കുകള്‍ കാട്ടാന ആക്രമണത്തിലും ഉണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സീതയുടെ കഴുത്തിനുണ്ടായ പരിക്കുകള്‍ വനത്തിനുള്ളില്‍ നിന്നും പുറത്തേക്ക് കൊണ്ടു വരുമ്പോള്‍ താങ്ങിപ്പിടിച്ചത് മൂലമുണ്ടായതാകാം.വാരിയെല്ലുകള്‍ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്നു കൊണ്ടു വരുമ്പോഴുമാകും.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെയും സീതയുടെ ഭര്‍ത്താവ് ബിനുവിന്റേയും മക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. സ്ഥലത്ത് ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തി. ഇതേ തുടര്‍ന്നാണ് കാട്ടാന ആക്രമണമാണെന്ന നിഗമനത്തില്‍ പോലിസെത്തിയത്. റിപ്പോര്‍ട്ട് രണ്ടാഴ്ടക്കകം പോലീസ് പീരുമേട് കോടതിയില്‍ സമര്‍പ്പിക്കും.