ചേര്‍ത്തലയില്‍ വീട്ടുവളപ്പില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതക പരമ്പരയുടെ ഭാഗമോ എന്ന സംശയം ബലപ്പെടുന്നു. ചേര്‍ത്തല സ്വദേശി ഐഷ തിരോധാന കേസിലും അറസ്റ്റിലായ സെബാസ്റ്റിയന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജെയ്‌നമ്മയ്ക്കും ബിന്ദു പത്മനാഭനും പുറമേ ഐഷാ തിരോധനത്തിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. കത്തിച്ച നിലയില്‍ കണ്ടെത്തിയ അസ്ഥികള്‍ക്കൊപ്പമുണ്ടായിരുന്ന പല്ലാണ് കേസില്‍ നിര്‍ണായകമായിരിക്കുന്നത്.
2012ല്‍ കാണാതായ ചേര്‍ത്തല സ്വദേശിനി ബിന്ദു പത്മനാഭനുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് ചെന്നുനിന്നത് കോട്ടയം സ്വദേശിയായ ജയ്‌നമ്മയുടെ തിരോധാനക്കേസിലാണ്. പിന്നീട് കേസില്‍ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം ഇപ്പോള്‍ ഇതേ പ്രതിയ്ക്ക് ആയിഷ തിരോധനകേസുമായും ബന്ധമുണ്ടെന്ന തരത്തിലുള്ള സൂചനയാണ് ക്രൈംബ്രാഞ്ചിന്റെ വിശദമായ അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്നത്. 2012ല്‍ തന്നെയാണ് ആയിഷയേയും കാണാതായത്. 2010നും 2012നും ഇടയിലാണ് മൂന്ന് സ്ത്രീകളേയും കാണാതായത്. മൂന്ന് സ്ത്രീകളുമായും സെബാസ്റ്റ്യന്‍ സ്ഥലമിടപാട് നടത്തിയിരുന്നതായി സൂചനയുണ്ട്. ഇതോടൊപ്പം സ്വര്‍ണ ഇടപാടുകളും നടത്തിയിരുന്നു. കാണാതായ ജെയ്‌നമ്മയില്‍ നിന്ന് ലഭിച്ച സ്വര്‍ണം വില്‍പ്പന നടത്തിയെന്ന് പറയുന്ന ശ്രീവെങ്കിടേശ്വര ജ്വല്ലറിയില്‍ സെബാസ്റ്റ്യനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്.
വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥികള്‍ക്കൊപ്പം ക്ലിപ്പിട്ട നിലയിലുള്ള ഒരു പല്ല് കൂടി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് പല്ല് ആയിഷയുടേതാണോ എന്ന് സംശയമുണ്ടാക്കുന്ന വിധത്തിലാണ്. സംശയം സ്ഥിരീകരിക്കാനായി പല്ലിന്റെ ഡിഎന്‍ഐ പരിശോധന ഉള്‍പ്പെടെ നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്. ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്