സ്‌കൂളുകളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം പുതിയതായി അനുവദിക്കപ്പെട്ട സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചിട്ടയായ പരിശീലനത്തിലൂടെ വിദ്യാര്‍ഥികളുടെ മാനസിക വളര്‍ച്ചയും കായിക ക്ഷമതയും മെച്ചപ്പെടുത്തുന്നതിന് എസ്പിസി വഴിയൊരുക്കും. കുട്ടികളുടെ പഠനത്തിന് ശക്തി പകരാനും ഇതുവഴി കഴിയും. നിയമങ്ങളെക്കുറിച്ചുള്ള അവബോധവും അനുകമ്പയും സഹാനുഭൂതിയും കുട്ടികളില്‍ വളര്‍ത്തുന്നതില്‍ എസ്പിസി സ്വാധീനം ചെലുത്തും. മയക്കുമരുന്നിനും രാസലഹരിക്കും എതിരേ നിതാന്ത ജാഗ്രത വേണം. ഓരോ വിദ്യാര്‍ഥികളും ലഹരിയുടെ വ്യാപനത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ബോധവാനായിരിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ലഹരിക്കെതിരേ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതിന് കൂടുതല്‍ ശക്തിപകരാനും വിദ്യാര്‍ഥികളുടെ സമഗ്രമായ വ്യക്തിത്വ വളര്‍ച്ചയ്ക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയില്‍ മെഡിക്കല്‍ കോളേജും എഞ്ചിനീയറിങ് കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്. കട്ടപ്പനയില്‍ പുതിയ ലോ കോളേജ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
44 കേഡറ്റുകളാണ് സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായി ആദ്യഘട്ടത്തില്‍ ചേര്‍ന്നിട്ടുളളത്. സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ടോമി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് മംഗലത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ് പി സിയുടെ ലക്ഷ്യവും പ്രവര്‍ത്തനരീതികളും അഡീഷണല്‍ എസ്.പി ഇമ്മാനുവേല്‍ പോള്‍ വിശദീകരിച്ചു. കട്ടപ്പന എസ് എച്ച് ഒ ടി.സി. മുരുകന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഔദ്യോഗിക യൂണിഫോം വിതരണം എസ് പി സി അഡീഷണല്‍ നോഡല്‍ ഓഫീസര്‍ എസ്.ആര്‍ സുരേഷ് ബാബു നിര്‍വഹിച്ചു. എസ് പി സി ഓഫീസ് റൂം ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി നിര്‍വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആന്‍സണ്‍ ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.രാജശേഖരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഐബിമോള്‍ രാജന്‍, സോണിയ ജെയ്ബി, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദീപു ജേക്കബ്, ബിജു ജോസഫ്, പി.ടി.എ. പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, പ്രിന്‍സിപ്പല്‍ മാണി കെ.സി തുടങ്ങിയവര്‍ പങ്കെടുത്തു.