ഡിജിറ്റല്‍ സര്‍വെയിലൂടെ സര്‍വെ നടപടികളെല്ലാം ഒറ്റ കുടക്കീഴില്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അഡ്വ. എ. രാജ എംഎല്‍എ.
മൂന്നാര്‍ വില്ലേജിന്റെ ഡിജിറ്റല്‍ റീ സര്‍വെയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ആപ്തവാക്യം ഉയര്‍ത്തി കൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സര്‍വെ നടപടികള്‍ക്ക് നീണ്ട കാലതാമസമുണ്ടാകാറുണ്ട്. അതില്ലാതാക്കാനാണ് ഡിജിറ്റല്‍ സര്‍വെ നടപ്പിലാക്കുന്നത്. ദേവികുളം താലൂക്കില്‍ വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ആനവരട്ടി എന്നീ വില്ലേജുകളില്‍ ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തീകരിച്ചു രണ്ടാംഘട്ടമായി കെഡിഎച്ച് വില്ലേജിലും ഡിജിറ്റല്‍ സര്‍വെ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വില്ലേജുകള്‍ ഡിജിറ്റല്‍ സര്‍വെയ്ക്ക് ഉടന്‍ തുടക്കമാകുമെന്നും എംഎല്‍എ പറഞ്ഞു.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മണിമൊഴി അധ്യക്ഷത വഹിച്ചു.
അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി ‘എന്റെ ഭൂമി’ എന്ന പോര്‍ട്ടല്‍ മുഖേന പൊതുജനത്തിന് ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വെസഭ രൂപീകരിച്ച് ഡിജിറ്റല്‍ സര്‍വെയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കും.
തൊടുപുഴ റീസര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജി കെ. പണിക്കര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. എം. ഭവ്യ, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍, ചോളമലൈ വാര്‍ഡ് മെമ്പര്‍ എസ്. നാഗരാജ്, ദേവികുളം തഹസില്‍ദാര്‍ ജയന്‍ കെ. എം, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.