കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യും. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാകും അറസ്റ്റ് ചെയ്യുക. റമീസിന്റെ മാതാപിതാക്കള്‍ നിലവില്‍ പൊലീസ് നിരീക്ഷണത്തിലെന്ന് സൂചന.

എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നല്‍ക്കുകയാണ് പെണ്‍കുട്ടിയുടെ സഹോദരന്‍. മതം മാറ്റത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്നതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു പെണ്‍കുട്ടികളും ചതിക്കപ്പെട്ടോ എന്നതും അന്വേഷിക്കണമെന്ന് സഹോദരന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി, ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തര്‍ക്കമുണ്ടാക്കിയതിന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്നലെയാണ് കത്തുനല്‍കിയത്. പൊലീസ് അന്വേഷണത്തില്‍ നിസാരവകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് ആരോപണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. മകള്‍ ആത്മഹത്യ ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ശ്രമമായെന്നും. എന്‍ഐഎക്ക് കേസ് കൈമാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം.