മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.
“വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം, അല്ലെങ്കിൽ അത്തരമൊരു നടപടി എടുക്കാൻ അശക്തരാണ് എന്ന് തുറന്നു പറയേണ്ടി വരും. പറ്റില്ലെങ്കിൽ ഇല്ലെന്ന് പറയാനുള്ള ധൈര്യം കേന്ദ്രസർക്കാർ കാണിക്കണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അല്ല, കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്,” എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചുരുന്നു. ഇക്കാര്യത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാര്‍ശ നല്‍കാന്‍ അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത നിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് മാര്‍ച്ചില്‍ ഒഴിവാക്കിയിരുന്നു. ഇക്കാര്യം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകുകയായിരുന്നു.