വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും കൂടുതലായി വരുത്തുന്ന ഒരു ഗുരുതര പിഴവുണ്ട്. ഒറ്റയടിക്ക് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറച്ച് പട്ടിണിയ്ക്ക് സമാനമായ അവസ്ഥയിലേക്ക് പോകും. ഞാന്‍ ഡയറ്റിലാണെന്നാണ് ഇക്കൂട്ടര്‍ മറ്റുള്ളവരോട് പറയുക. ഒരു ദിവസം കഴിക്കുന്ന കലോറിയുടെ അളവ് ഇങ്ങനെ ഗണ്യമായി കുറയ്ക്കുന്നത് ഒരിക്കലും ആരോഗ്യത്തിന് നല്ലതല്ല. ഇത് ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും ദോഷമാണെന്ന് തെളിയിക്കുകയാണ് പുതിയ പഠനങ്ങള്‍. തടി കുറയ്ക്കാനായി പട്ടണി കിടക്കുന്നത് വിഷാദം ഉള്‍പ്പെടെയുള്ള മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും.

നിങ്ങളുടെ തെറ്റായ ഡയറ്റിംഗ് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ കാരണങ്ങളും പരിഹാരങ്ങളും അറിയാം.

പോഷകങ്ങളുടെ കുറവ്

ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റമിന്‍ ബി കോംപ്ലക്‌സ്, അയേണ്‍, ഒമേഗ ത്രി ഫാറ്റി ആസിഡ് എന്നിവ നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവ വേണ്ട വിധത്തില്‍ ലഭിക്കാതെ വന്നാല്‍ തളര്‍ച്ച, ചിന്തകളിലെ വ്യക്തതക്കുറവ്, ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥ മുതലായവയുണ്ടാകാം. ധാരാളം പച്ചക്കറികളും മത്സ്യവും നട്ട്‌സും കഴിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

സെറോടോണിന്‍ അളവിലുണ്ടാകുന്ന കുറവ്

നമ്മളെ സന്തോഷം അനുഭവിപ്പിക്കുന്ന സെറോടോണിന്‍ ഹോര്‍മോണ്‍ കുറഞ്ഞാല്‍ വിഷാദരോഗം പോലുള്ള ഗുരുതര മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. സെറോടോണിന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് കുടലിലാണ്. നമ്മുടെ ഭക്ഷണശീലങ്ങളില്‍ വളരെപ്പെട്ടെന്ന് മാറ്റങ്ങള്‍ വരികയും നമ്മള്‍ ആവശ്യത്തിന് കലോറി ഭക്ഷണം കഴിക്കാതെ വരികയും ചെയ്യുമ്പോള്‍ സെറോട്ടോണിന്‍ ഉത്പാദനം കുറയുന്നു. ഒറ്റയടിക്ക് ഭക്ഷണം കുറയ്ക്കാതെ പടിപടിയായി ഭക്ഷണശീലങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നത്

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നത് തളര്‍ച്ചയും ബ്രെയിന്‍ ഫോഗും ഉണ്ടാക്കുന്നതിനൊപ്പം വലിയ രീതിയുള്ള മൂഡ് സ്വിഗ്‌സും ഉണ്ടാക്കും. ഇടവേളകളില്‍ ആരോഗ്യദായകമായ ബാലന്‍സ്ഡ് ആയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ഇതിനുള്ള പരിഹാരം. മൂന്ന് നേരം ഹെവിയായി കഴിക്കുന്നതിന് പകരമായി അഞ്ചോ ആറോ നേരം നല്ല ഭക്ഷണങ്ങള്‍ കഴിക്കാം.

കോര്‍ട്ടിസോള്‍ അളവ് കൂടുന്നത്

ഭക്ഷണത്തില്‍ വലിയ വ്യത്യാസം വരുന്നത് സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോളിന്റെ ഉത്പാദനം ഉയരാന്‍ കാരണമാകും. ഇത് ഉത്കണ്ഠ ഉയരാന്‍ കാരണമാകും. ഒറ്റയടിക്ക് ഭക്ഷണം കുറയ്ക്കാതെ പടിപടിയായി ഭക്ഷണശീലങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടത്.

ഡോപമിന്‍ അളവില്‍ വരുന്ന മാറ്റം

നമ്മുടെ സന്തോഷത്തേയും ഉത്സാഹത്തേയും ഊര്‍ജത്തേയുമെല്ലാം വളരെയധികം സ്വാധീനിക്കുന്ന ഒരു ഹോര്‍മോണാണ് ഡോപ്പമിന്‍. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ഡോപ്പമിന്‍ ഉത്പാദനം കുറയും. പയര്‍, മുട്ട, പാല്‍ മുതലായവ ഡയറ്റില്‍ ധാരളമായി ഉള്‍പ്പെടുത്തണം