ആനകൾ അടിമാലി,പള്ളിവാസൽ, മാങ്കുളം മേഖലകളിൽ തമ്പടിച്ചതോടെ ജനജീവിതം ദുസ്സഹമായി. കൂട്ടമായി കൃഷിയിടത്തിൽ എത്തുന്ന ആനകൾ ഉൾവനത്തിലേക്ക് പോകാൻ കൂട്ടാക്കാറില്ല. ആ ഭാഗത്തെ കാർഷിക വിളകൾ പൂർണമായും നശിപ്പിക്കും. കൊടകല്ല്, കാട്ടുകുടി, പ്ലാമല, പീച്ചാട്, കൊറത്തികുടി, സിങ്ക്കുടി, വിരിപാറ, താളുംകണ്ടം, കൊരങ്ങാട്ടി, തട്ടേക്കണ്ണൻ, നെല്ലിപ്പാറകുടി, പടിക്കപ്പ്, കട്ടമുടി, കമ്പിലൈൻ, പാട്ടയിടുമ്പ്, കാഞ്ഞിരവേലി, ആറാംമൈൽ തുടങ്ങിയ ഉന്നതികളിലും കാർഷിക മേഖലകളിലും കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി.

ചൊവ്വ രാത്രി പ്ലാമലയിൽ ചെമ്പ്രപ്പിള്ളി ജോർജിന്റെ ഏലത്തോട്ടത്തിലെ താൽക്കാലിക കെട്ടിടം പൂർണമായും ആന ഇടിച്ചുനിരത്തി. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടമാണ്. ചൊവ്വ തൊഴിലാളികൾ താമസമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നാലേക്കറിലധികം ഏലച്ചെടികൾ ചവിട്ടി നശിപ്പിച്ചു. പ്രദേശത്തെ നിരവധി കർഷകരുടെ വിളകൾ ഇവിടെ ഇല്ലാതാക്കി. കഴിഞ്ഞ ദിവസം നെല്ലിപ്പാറകുടിയിൽ മധ്യവയസ്കനെ ആന ഓടിക്കുകയും വീടിന്റെ മുൻവശം തകർക്കുകയും ചെയ്തു. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ഓടിച്ച സംഭവവുമുണ്ടായി. ആക്രമണം രൂക്ഷമായിട്ടും വനംവകുപ്പ് ആവശ്യമായ സുരക്ഷ ഈ പ്രദേശങ്ങളിൽ ഒരുക്കുന്നില്ല. കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ സ്ഥിരമായി ആർആർടി സംഘത്തെ വിന്യസിക്കാമെന്ന ഉറപ്പും അധികൃതർ പാലിക്കുന്നില്ല. മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കുമ്പോഴും വനംവകുപ്പിന്റെ അനാസ്ഥ ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.…